സ്ത്രീസുരക്ഷ പെൻഷൻ അപേക്ഷ വിതരണം: സർക്കാറിന്‍റെ അഭിപ്രായം തേടി തെരഞ്ഞെടുപ്പ്​ കമീഷൻ

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷ പദ്ധതിക്കായി അപേക്ഷകൾ വിതരണം ചെയ്തെന്ന പരാതിയിൽ സർക്കാറിന്‍റെ അഭിപ്രായം തേടി തെരഞ്ഞെടുപ്പ്​ കമീഷൻ. ഇത്​ തെര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന്​ ചൂണ്ടിക്കാട്ടി​ യു.ഡി.എഫ് അടക്കം തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകിയിരുന്നു​.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പഞ്ചായത്തുകളും നഗരസഭകളും വഴി അപേക്ഷ സ്വീകരിക്കാനായിരുന്നത്രെ നീക്കം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ആനുകൂല്യങ്ങൾക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ പാടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അസി. റിട്ടേണിങ് ഓഫിസർമാരിൽ ഭൂരിഭാഗവും തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണെന്നും പരാതികളിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഒക്ടോബർ 29നാണ് പദ്ധതി പ്രഖ്യാപിച്ചത്. സാമൂഹികക്ഷേമ പദ്ധതി ഗുണഭോക്താക്കളല്ലാത്ത ട്രാൻസ്‌വുമൺ അടക്കം നിർധന കുടുംബങ്ങളിലെ സ്ത്രീകൾക്ക് മാസവും ധനസഹായം ഉറപ്പാക്കുമെന്നായിരുന്നു വാഗ്ദാനം. പദ്ധതിക്ക് അംഗീകാരം നൽകി നവംബർ ഒന്നിന് ആദ്യ ഉത്തരവിറങ്ങിയെങ്കിലും നവംബർ 10ന് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടർപ്രവർത്തനം നിലച്ചു.

വ്യാജ അപേക്ഷ ഫോം; അന്വേഷണം തുടരുന്നു

തിരുവനന്തപുരം: സ്ത്രീസുരക്ഷ പദ്ധതിക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് വിലക്കിയതോടെ വ്യാജ അപേക്ഷ ഫോമുകൾ തയാറാക്കി പകർപ്പുകളെടുത്ത് വീടുകളിൽ എത്തിക്കുന്നെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്​ പരാതി. എൽ.ഡി.എഫ് സ്ഥാനാർഥികളും പ്രവർത്തകരും ഇവ വീട്ടിലെത്തിക്കുന്നെന്ന പരാതികളെ തുടർന്ന് മാതൃക പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്ന സമിതികൾ നേരിട്ടെത്തി അന്വേഷിക്കുന്നുണ്ട്. എന്നാൽ, ആരെയും പിടികൂടിയതായി റിപ്പോർട്ടില്ല.

Tags:    
News Summary - Distribution of women's safety pension applications: Election Commission seeks government's opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.