കോട്ടയം: കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ (കെ.എഫ്.ഡി.സി) ചെയർമാൻസ്ഥാനം കൈമാറുന്നതിനെച്ചൊല്ലി സംസ്ഥാന എൻ.സി.പിയിൽ തർക്കം. വനംമന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ അണിയറനീക്കം നടക്കുന്നതിനിടെയാണ് കെ.എഫ്.ഡി.സി ചെയർപേഴ്സനും സംസ്ഥാന വൈസ്പ്രസിഡന്റുമായ ലതിക സുഭാഷിനെ ആ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കം. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ലതിക സുഭാഷ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്നാണ് എൻ.സി.പിയിലെത്തിയത്. അതിനെത്തുടർന്ന് എൽ.ഡി.എഫ് ബോർഡ്-കോർപറേഷൻ സ്ഥാനങ്ങൾ വീതംവെച്ചപ്പോഴാണ് ലതിക സുഭാഷിനെ കെ.എഫ്.ഡി.സി ചെയർപേഴ്സനാക്കിയത്.
മുമ്പുണ്ടാക്കിയ ധാരണ ലതിക സുഭാഷ് ലംഘിക്കുകയാണെന്നാണ് പാർട്ടിക്കുള്ളിലെ ഒരുവിഭാഗത്തിന്റെ ആക്ഷേപം. കാലാവധിയുടെ ആദ്യപകുതി ലതിക സുഭാഷിനും രണ്ടാംപകുതി സംഘടന ചുമതലയുള്ള ജന.സെക്രട്ടറി കെ.ആർ. രാജനും നൽകാമെന്ന് ധാരണയുണ്ടായിരുന്നെന്നും അത് പാലിക്കാൻ ലതിക തയാറാകുന്നില്ലെന്നുമാണ് എതിർപക്ഷത്തിന്റെ പരാതി. സംസ്ഥാന പ്രസിഡന്റ് നിർദേശിച്ചിട്ടും അവർ സ്ഥാനം ഒഴിയുന്നില്ലെന്നും അവർ ആരോപിക്കുന്നു. എന്നാൽ, ഈ വിഷയത്തിൽ പ്രതികരിക്കാൻ ലതിക സുഭാഷ് തയാറായില്ല. താൻ ഒന്നും പറയുന്നില്ലെന്നും പാർട്ടി നേതൃത്വമാണ് ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതെന്നും അവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, ഇത്തരത്തിൽ മുൻധാരണയൊന്നുമുണ്ടായിരുന്നില്ലെന്ന് എൻ.സി.പിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. മുമ്പാരും കേട്ടിട്ടുപോലുമില്ലാതിരുന്ന കെ.എഫ്.ഡി.സിയെ ജനശ്രദ്ധയാകർഷിക്കുന്ന പദ്ധതികളിലൂടെ ലാഭത്തിലെത്തിക്കാൻ ലതികക്ക് കഴിഞ്ഞെന്നും അതിനാലാണ് അവരെ മാറ്റാനുള്ള നീക്കംനടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇടതുപക്ഷം രണ്ട് കോർപറേഷൻ അധ്യക്ഷ സ്ഥാനമാണ് എൻ.സി.പിക്ക് നൽകിയത്. അതിലൊന്നാണ് കെ.എഫ്.ഡി.സി അധ്യക്ഷസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.