കിഫ്ബി ഫണ്ട് വിതരണത്തിൽ വിവേചനം: കൂടുതൽ കണ്ണൂരിന്, കുറവ് വയനാടിന്

കോട്ടയം: വിവിധ ജില്ലകളിലെ പദ്ധതികൾക്ക് പിണറായി സർക്കാറിന്‍റെ കാലത്ത് കിഫ്ബി ഫണ്ട് വിതരണത്തിലുണ്ടായ വിവേചനം യു.ഡി.എഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രം തുറന്നു കാട്ടി. കിഫ്ബി അംഗീകരിച്ച ആകെ ഫണ്ടിൽ പകുതിയും കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നീ മൂന്നു ജില്ലകൾ മാത്രം കേന്ദ്രീകരിച്ചാണെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്. കണ്ണുരിന് 20ഉം തിരുവനന്തപുരത്തിന് 17ഉം എറണാകുളത്തിന് 11ഉം ശതമാനം ഫണ്ടാണ് ലഭിച്ചത്. കിഫ്ബിയുടെ പകുതി നിക്ഷേപം (47.5 ശതമാനം) ഈ മൂന്നു ജില്ലകളിലായി ഒതുങ്ങിയെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം-19,982.70 കോടി (16.7%), എറണാകുളം -13,563.30 കോടി (11.4 %), കണ്ണൂർ-24,406.54 കോടി (20.4%) എന്നിങ്ങനെയാണ് മൂന്ന് ജില്ലകളിലെ പദ്ധതികൾക്കായി കിഫ്ബി അനുവദിച്ചത്. ഇതിൽ കണ്ണൂരിന് അനുവദിച്ച 20.4 ശതമാനം ഫണ്ടിൽ 19.1 ശതമാനവും കൈമാറി. ആകെ 16,599.71 കോടി വരുമിത്. എറണാകുളം-9,935.76 കോടി (11.4%), തിരുവനന്തപുരം-14,791.29 കോടി (17.0%) എന്നിങ്ങനെയാണ് കൂടുതൽ ഫണ്ട് ലഭിച്ച മറ്റു രണ്ടു ജില്ലകൾ.

കൊല്ലം-4,653.61 കോടി (5.4%), പത്തനംതിട്ട-2,26 6.60 കോടി (2.6%), ആലപ്പുഴ - 5,996.71 (6.9%), കോട്ടയം -3,811.36 കോടി (4.4%), ഇടുക്കി - 2,113.01 കോടി (2.4%), തൃശൂ ർ -4,785.18 കോടി (5.5%), പാലക്കാട് - 7,609.82 (8.8%), മലപ്പുറം- 6,029.44 കോടി (6.9%), കോഴിക്കോട് -4,513.08 കോടി (5.2%), വയനാട് -1,353.51 കോടി (1.6%), കാസർകോട് - 2,378.55 കോടി (2.7%) എന്നിങ്ങനെയാണ് മറ്റു ജില്ലകൾക്ക് കൈമാറിയ ഫണ്ടിന്‍റെ കണക്ക്.

പദ്ധതികൾക്ക് ഫണ്ട് അംഗീകരിച്ചതിൽ ഏറ്റവും കുറവ് വടക്കൻ ജില്ലയായ വയനാടിനാണ്. കണക്കുകൾ പ്രകാരം 1.4 ശതമാനം. 1,699.59 കോടി വരും. ഇതിൽ 1,353.51 കോടി (1.6 ശതമാനം) കൈമാറി. പദ്ധതികൾ തിഞ്ഞെടുത്തതിൽ രാഷ്ട്രീയവും ഭരണപരവുമായ താൽപര്യങ്ങളാണ് കിഫ്ബി പിന്തുടർന്നതെന്നും മാനവ വികസന സൂചികകളോ സാമ്പത്തിക ആവശ്യ സൂചികകളോ ഈ കേന്ദ്രീകരണത്തിന് വ്യക്തമായ ന്യായീകരണം നൽകുന്നില്ലെന്നും ധവളപത്രത്തിൽ പറയുന്നു.


68 ശതമാനം ഫണ്ടും മൂന്നു വകുപ്പുകളിലേക്ക്

കിഫ്ബി മേഖലാടിസ്ഥാനത്തിൽ അംഗീകരിച്ച ഫണ്ടിന്‍റെ 68 ശതമാനവും മൂന്നു വകുപ്പുകളിലേക്ക് മാത്രമാണ് പോയതെന്ന് ധവളപത്രത്തിൽ പറയുന്നു. പൊതുമരാമത്ത്, വ്യവസായം, ആരോഗ്യം-കുടുംബക്ഷേമം എന്നീ വകുപ്പുകൾക്ക് യഥാക്രമം 34, 25, ഒമ്പത് ശതമാനമാണ് നൽകിയത്. വിദ്യാഭ്യാസം, ജലവിതരണം, ശുചിത്വം / പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ അവഗണിച്ചാണ് മൂന്നു വകുപ്പുകളിൽ മാത്രം വലിയ തോതിൽ ഫണ്ട് കേന്ദ്രീകരിച്ചത്.

Tags:    
News Summary - Discrimination in KIIFB fund distribution, More for Kannur, less for Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.