വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി- വിവരാവകാശ കമീഷന്‍

കൽപ്പറ്റ: മീനങ്ങാടി പോളിടെക്നിക് കോളെജിലെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഹര്‍ജിക്കാരന്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്ത സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ അച്ചടക്ക നടപടിക്കും പിഴ ചുമത്താനും വിവരാവകാശ കമീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കിം ശുപാര്‍ശ ചെയ്തു. അപേക്ഷകനെ പരിഹസിക്കുന്ന നിലപാടാണ് ബന്ധപ്പെട്ട ഓഫീസര്‍മാര്‍ സ്വീകരിച്ചതെന്നും സമയബന്ധിതമായി വിവരം നല്‍കിയില്ല, തെറ്റായ വിവരങ്ങളാണ് അപേക്ഷകന് കൈമാറിയത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെക്ഷന്‍ 20(1),(2) പ്രകാരം ശിക്ഷാ നടപടിക്ക് ശുപാര്‍ശ ചെയ്തത്.

ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കാത്ത പരാതിയില്‍ കോ-ഓപ്പറേറ്റിവ് രജിസ്ട്രാര്‍ നേരിട്ട് സംഘങ്ങള്‍ സന്ദര്‍ശിച്ച് രേഖകള്‍ വാങ്ങി അപേക്ഷകന് വിവരം ലഭ്യമാക്കാന്‍ സിറ്റിങ്ങില്‍ കമീഷന്‍ നിർദേശം നല്‍കി. 45 ദിവസം വൈകി വിവരം നല്‍കിയ ഗ്രാമപഞ്ചായത്തിനെതിരെയും പിഴ ചുമത്താന്‍ കമീഷന്‍ നിർദേശിച്ചു.

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ അനധികൃത കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് അനധികൃതമായി റോഡ് കൈയേറ്റം ചെയ്തെന്ന പരാതിയില്‍ ബന്ധപ്പെട്ട വിവരങ്ങളില്‍ കൃത്യത വരുത്തി പരിശോധന നടത്തി തൊട്ടടുത്ത ദിവസം തന്നെ അപേക്ഷകന് വിവരങ്ങള്‍ നല്‍കാന്‍ കമീഷന്‍ ഉത്തരവിട്ടു.

സംസ്ഥാന വിവരാവകാശ കമീഷണര്‍മാരായ ഡോ. എ അബ്ദുള്‍ ഹക്കിം, ടി. കെ. രാമകൃഷ്ണന്‍ എന്നിവരുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 32 പരാതികള്‍ തീര്‍പ്പാക്കി. രണ്ട് സെക്ഷനുകളിലായി നടന്ന അദാലത്തില്‍ 34 പരാതികളാണ് പരിഗണിച്ചത്.

രാവിലെ 10.30 മുതല്‍ കമീഷണര്‍ ടി.കെ. രാമകൃഷ്ണന്റെ അധ്യക്ഷതയിലും ഉച്ചക്ക് 2.30 ന് കമീഷണര്‍ ഡോ. എ. അബ്ദുള്‍ ഹക്കിമിന്റെ അധ്യക്ഷതയിലുമാണ് സിറ്റിങ് നടന്നത്. രാവിലെത്തെ സിറ്റിങ്ങില്‍ 14 കേസുകളാണ് പരിഗണിച്ചത്. 12 എണ്ണം തീര്‍പ്പാക്കി. ഉച്ചക്ക് നടന്ന സിറ്റിങ്ങില്‍ പരിഗണിച്ച 20 കേസുകളും തീര്‍പ്പാക്കി.

Tags:    
News Summary - Disciplinary action against defaulting officers- Right to Information Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.