കൊച്ചി: കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിതരായ ഭിന്നശേഷിക്കാരെ അന്യായമായി സർവിസിൽനിന്ന് നീക്കി, പ്രതിഷേധത്തിനൊടുവിൽ തിരിച്ചെടുത്തപ്പോൾ ശമ്പളമുൾപ്പെടെ ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും പരാതി. 56 വയസ്സ് പൂർത്തിയായ 16 ജീവനക്കാരെയാണ് നിയമവിരുദ്ധമായി കഴിഞ്ഞമാസം പിരിച്ചുവിട്ടത്.
മന്ത്രിതലത്തിലുൾപ്പെടെ പരാതിയും ബോർഡ് ആസ്ഥാനത്ത് സമരവുമുൾപ്പെടെ വലിയ പ്രതിഷേധം നടത്തിയതിന്റെ ഫലമായി ഇവരെ തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ, ഇവർക്ക് ഏപ്രിലിലെ ശമ്പളം ഇതുവരെ നൽകിയിട്ടില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി. കൂടാതെ, ജോലിയിൽനിന്ന് തങ്ങളുടേതല്ലാത്ത കാരണത്താൽ പുറത്തുനിൽക്കേണ്ടി വന്ന ദിവസങ്ങളിലെ ശമ്പളവും ലഭ്യമായിട്ടില്ലെന്ന് ഇവർ പറയുന്നു.
ക്ഷേമനിധി ബോർഡിലെ സ്ഥിരം ജീവനക്കാരുടെ പെൻഷൻ പ്രായം 56 ആയതിനാൽ സൂപ്പർ ന്യൂമററി വിഭാഗം ജീവനക്കാരും 56ാം വയസ്സിൽ വിരമിക്കേണ്ടവരായിരുന്നുവെന്നും എന്നാൽ ചിലർ സർവിസിൽ തുടരുന്നതായി കാണുന്നുവെന്നും വ്യക്തമാക്കിയാണ് 16 പേരെ ജോലിയിൽനിന്ന് നീക്കി മാർച്ചിൽ ഉത്തരവായത്.
എന്നാൽ, 2021ൽ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽ സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിതരായ റെഗുലറൈസ് ചെയ്യാത്ത എല്ലാ ജീവനക്കാരുടെയും വിരമിക്കൽ പ്രായം 60 വയസ്സായി നിശ്ചയിക്കാമെന്ന സർക്കാർ നിർദേശം ബോർഡ് ഉത്തരവായി ഇറക്കിയിരുന്നു. ഈ ഉത്തരവുകൂടിയാണ് സർവിസിൽനിന്ന് നീക്കിയതിലൂടെ ലംഘിക്കപ്പെട്ടത്.
ഇതേതുടർന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാർ തൊഴിൽമന്ത്രി, വകുപ്പ് സെക്രട്ടറി തുടങ്ങിയവർക്ക് പരാതി നൽകുകയും പ്രതിഷേധങ്ങളുടെ ഫലമായി 16 പേരെയും തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ, പ്രതികാര നടപടിയായി ശമ്പളം തരാതെ മാനസികമായി തളർത്തുകയും വിവേചനം കാണിക്കുകയുമാണെന്ന് ഈ ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. ഇതുകൂടാതെ, ഭിന്നശേഷിക്കാർക്കായുള്ള കൺവേയൻസ് അലവൻസും ലഭ്യമാക്കിയിട്ടില്ല.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ശമ്പളം ലഭിക്കാത്തത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ഈ സാഹചര്യത്തിൽ തങ്ങൾക്ക് അനുകൂലമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.