തൃശൂർ: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ ‘ഭിന്നശേഷി അവാർഡ് 2025’ൽ കാസർകോട് മികച്ച ജില്ല പഞ്ചായത്തും മലപ്പുറം മികച്ച ജില്ല ഭരണകൂടവുമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പഞ്ചായത്തുകളായി തൃശൂർ ജില്ലയിലെ വേലൂരും പാലക്കാട് ജില്ലയിലെ വിളയൂരും തെരഞ്ഞെടുക്കപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മലപ്പുറത്തിനും കാസർകോടിനും ഒരു ലക്ഷം രൂപ വീതവും വേലൂരിനും വിളയൂരിനും 50,000 രൂപ വീതവും പ്രശസ്തിപത്രവും പുരസ്കാരമായി ലഭിക്കും. 16 വിഭാഗങ്ങളിലായി ആകെ 30 പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
സർക്കാർ/പൊതുമേഖലയിൽ കാഴ്ചപരിമിതിയുള്ള മികച്ച ജീവനക്കാരനായി കോട്ടയം പാലാ വള്ളിച്ചിറ പഞ്ഞിക്കുന്നേൽ തോമസ് മൈക്കിളും ലോക്കോമോട്ടോർ പരിമിതിയുള്ള മികച്ച ജീവനക്കാരനായി കണ്ണൂർ പായം കുടക്കച്ചിറ വീട്ടിൽ എസ്.ബി. പ്രസാദും കേൾവിപരിമിതിയുള്ള മികച്ച ജീവനക്കാരനായി മലപ്പുറം മൂന്നിയൂർ കാറൽക്കുണ്ടിൽ കെ. റിയാസുദ്ദീനും തെരഞ്ഞെടുക്കപ്പെട്ടു.
സ്വകാര്യ മേഖലയിൽ ലോക്കോമോട്ടോർ പരിമിതിയുള്ള മികച്ച ജീവനക്കാരിയായി മലപ്പുറം പന്തല്ലൂർ കിടങ്ങയം ചെറുകാപ്പള്ളി സി.പി. ഫൗസിയ, കാഴ്ചപരിമിതിയുള്ള മികച്ച ജീവനക്കാരനായി കൊല്ലം ഈസ്റ്റ് കല്ലട കോലക്കൽ ഹൗസിൽ അജേഷ് തോമസ്, ബൗദ്ധിക വെല്ലുവിളിയുള്ള മികച്ച ജീവനക്കാരിയായി കണ്ണൂർ ഏച്ചൂർ റിൻയ നിവാസിൽ വി.കെ. റിൻയ, കേൾവിപരിമിതിയുള്ള മികച്ച ജീവനക്കാരനായി പാലക്കാട് മംഗലാംകുന്ന് കാട്ടുകുളം കളത്തിൽ വീട് കെ. അനിൽകുമാർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് 25,000 രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും.
മികച്ച സർക്കാറിതര പുനരധിവാസ സ്ഥാപനമായി കണ്ണൂർ കൂടാളി കാഞ്ഞിരോടിലെ തണൽ സ്കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡും ആർ.പി.ഡബ്ല്യു ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രദ്ധ കെയർ ഹോമുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മറ്റു പുരസ്കാരങ്ങൾ: ഭിന്നശേഷിത്വമുള്ള മികച്ച മാതൃക വ്യക്തിത്വം: ശിഷ ആനന്ദ് (കാരുണ്യ, പൊന്ന്യം വെസ്റ്റ്, തലശ്ശേരി), എൻ.എസ്. ശ്രേയസ് കിരൺ (ശ്രീമൂകാംബിക അപ്പാർട്മെന്റ്, പൂങ്കുന്നം, തൃശൂർ), ഭിന്നശേഷിത്വമുള്ള മികച്ച സർഗാത്മക ബാല്യങ്ങൾ: മുഹമ്മദ് യാസീൻ, (എസ്.എസ് മൻസിൽ, പ്രയാർ നോർത്ത്, ഓച്ചിറ, ആലപ്പുഴ), പി. ആദികേശ് (വളയംകുന്നത്ത്, ഫറോക്ക്, കോഴിക്കോട്), അജിന രാജ് (ലിജിന നിവാസ്, പാപ്പിനിശ്ശേരി വെസ്റ്റ്, കണ്ണൂർ), സി. സഞ്ജയ് (ചിങ്ങത്ത് വീട്, മന്നംപട്ട, ശ്രീകൃഷ്ണപുരം, പാലക്കാട്), കല-സാഹിത്യം-കായികം മേഖലകളിൽ ഉന്നതനേട്ടങ്ങൾ കരസ്ഥമാക്കിയ മികച്ച ഭിന്നശേഷി വ്യക്തിത്വം: ഷബ്ന പൊന്നാട് (ഫെബിന ഹൗസ്, ഓമാനൂർ, പൊന്നാട്, മലപ്പുറം), രാഗേഷ് കൃഷ്ണൻ (കാർത്തിക ഭവൻ, കുരംപാല, പന്തളം, പത്തനംതിട്ട), പൂജ രമേഷ് (വൃന്ദാവൻ പാലസ്, പാലസ് റോഡ്, തൃശൂർ), ആർ. അനിൽകുമാർ (വടക്കേത്തടത്തിൽ പുത്തൻവീട്, തട്ടാർക്കോണം, കൊല്ലം).
മികച്ച ഭിന്നശേഷിസൗഹൃദ സ്ഥാപനങ്ങൾ: എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡ് (പുളിക്കൽ, വലിയപറമ്പ്, മലപ്പുറം), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, ഇരിങ്ങാലക്കുട. ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുന്നതിലും പുനരധിവാസത്തിലും മികച്ച പിന്തുണ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം: ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട, തൃശൂർ.
ഭിന്നശേഷി വിദ്യാഭ്യാസ-പുനരധിവാസ മേഖലയിലെ മികച്ച സേവനത്തിന് തൃശൂർ ജില്ലയിലെ ഭാനുമതി ടീച്ചർ, സംഗീതപരിശീലകരായ കൃഷ് ടീച്ചർ, നിർഷാദ് നിനി എന്നിവരെയും വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച ഭിന്നശേഷിക്കാരായ ഡോ. എസ്. ശാരദാദേവി, ആസിം വെളിമണ്ണ, സതീശൻ, ധന്യ രവി, ഗീത സലീഷ്, ജയ ഡാളി എന്നിവരെയും പ്രത്യേകം ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.