സാധാരണ കോൺഗ്രസ് പ്രവർത്തകന്‍റെ മനസിനെ ഒരു നേതാവും വേദനിപ്പിക്കരുത്- ഡോ. എസ്. എസ് ലാൽ

തിരുവനന്തപുരം: എത്ര വലിയ നേതാവായാലും കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുതെന്ന് ആരോഗ്യ വിദഗ്ധനും കോൺഗ്രസ് നേതാവുമായ എസ്. എസ് ലാൽ. ഒരുപാട് വലിയ നേതാക്കളുടെ ത്യാഗങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയെന്നും ചുമര് ബുക്ക് ചെയ്യാനും വെളളയടിക്കാനും വെയിലുകൊണ്ട് നടക്കുന്ന കോൺഗ്രസുകാരൻ യു.ഡി.എഫ് ഭരണം തിരികെ വരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്ക് വച്ച പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം

പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്. ഒരുപാട് വലിയ നേതാക്കളുടെ ത്യാഗങ്ങളൾ കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടി. എന്നാൽ ആ വലിയ നേതാക്കളുടെ വലിയ ത്യാഗങ്ങളേക്കാൾ വലുതാണ് സാധാരണ കോൺഗ്രസ് പ്രവർത്തകന്‍റെ ഒരു ചെറിയ പ്രവർത്തനം പോലും എന്ന് ഒരു നേതാവും മറക്കരുത്. പകൽ കൂലിപ്പണി ചെയ്തിട്ട് ബാക്കി സമയം സ്വന്തം വിയർപ്പിന്‍റെ കൂലിയെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മണ്ഡലം പ്രസിഡന്‍റുമാരുടെയും ബൂത്ത് പ്രസിഡന്‍റുമാരുടെയും പാർട്ടിയാണ് ഇന്ന് കോൺഗ്രസ്.

അവരുടെ സ്വപ്നങ്ങളിൽപ്പോലും അധികാരത്തിന്‍റെ ബോർഡ് വച്ച വെള്ള ഇന്നോവ കാറുകൾ ഇല്ല. അവരുടെ ചിന്തകളിൽ പാർട്ടി മാത്രമാണുള്ളത്. ജനാധിപത്യത്തിൽ താൽപര്യമില്ലാത്ത, അക്രമത്തിൽ മാത്രം വിശ്വാസമുള്ള, സി.പി.എമ്മിനോടും പോഷക സംഘടനകളോടും പൊരുതിയാണ് കേരളത്തിൽ ഓരോ കോൺഗ്രസുകാരനും/കാരിയും അവരവരുടെ പ്രദേശങ്ങളിൽ/ പ്രസ്ഥാനങ്ങളിൽ പിടിച്ചുനിൽക്കുന്നത്.

കോൺഗ്രസ് ആഭിമുഖ്യമുള്ള സംഘടന നയിക്കുന്നതിനാലോ അതിൽ പ്രവർത്തിക്കുന്നതിനാലോ ഒരു വർഷം പല പ്രാവശ്യം സ്ഥലം മാറ്റപ്പെടുന്ന സർക്കാർ ജീവനക്കാർ നാട്ടിലുണ്ട്. കോൺഗ്രസുകാരായതിനാൽ ചെറുതും വലുതുമായ സ്ഥാപനങ്ങൾ പൂട്ടേണ്ടി വന്ന മനുഷ്യരുണ്ട്. കോൺഗ്രസുകാരെ ഉപദ്രവിക്കാൻ ഇപ്പോൾ ബി.ജെ.പിയും കൂടിയുണ്ട്. ഈ രണ്ട് പാർട്ടികളുടെയും മുന്നിൽ നിവർന്ന് നിന്ന് താൻ കോൺഗ്രസാന്നെന്ന് പറയുന്നവനാ/ളാണ് കേരളത്തിലെ ധൈര്യമുള്ള രാഷ്ട്രീയ പ്രവർത്തകർ.

രാഷ്ട്രീയ പ്രവർത്തനത്തിനിടയിലെ സഹനത്തിന്‍റെ തഴമ്പുകൾ കാട്ടി നേതാവായി വളർന്ന് വലിയ പദവികൾ നേടിയ ശേഷം നിസാര കാരണത്തിന് പാർട്ടി വിട്ട നേതാക്കളുണ്ട്. ഒരു സീറ്റിന് വേണ്ടി ഒരു നിമിഷം കൊണ്ട് മറ്റൊരു പാർട്ടിയിലേക്ക് ചാടാൻ ചില നേതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട്.

അതിന് കഴിയാത്തത് സാധാരണ പാർട്ടി പ്രവർത്തകർക്ക് മാത്രമാണ്. ഒരു പ്രലോഭനത്തിനും വഴങ്ങാത്ത പാർട്ടി പ്രവർത്തകർ. അവർ ശ്വസിക്കുന്നതുപോലും കോൺഗ്രസിന് വേണ്ടിയാണ്. ചുമര് ബുക്ക് ചെയ്യാനും വെളളയടിക്കാനും വെയിലുകൊണ്ട് നടക്കുന്ന കോൺഗ്രസുകാരൻ യു.ഡി.എഫ് ഭരണം തിരികെ വരാൻ ആഗ്രഹിക്കുന്നു.

യു.ഡി.എഫ് ഭരണം വന്നാൽ സുരക്ഷയല്ലാതെ മറ്റൊന്നും സ്വന്തമായി നേടാനില്ലാത്തവരാണ് അവർ. സാധാരണ കോൺഗ്രസ് പ്രവർത്തകന്‍റെ മനസിനെ ഒരു നേതാവും വേദനിപ്പിക്കരുത്. അവർ എത്ര വലിയ നേതാവായാലും.

Tags:    
News Summary - Dr. S S Lal facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.