സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

കൊച്ചി: ഹാസ്യത്തിന്‍റെ രസക്കൂട്ടുകൾചേർത്ത് മലയാള സിനിമയിൽ ചിരകാലം ചിരിപടർത്തിയ സൂപ്പർഹിറ്റ് സംവിധായകൻ സിദ്ദീഖ് അന്തരിച്ചു. 63 വയസ്സായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അന്ത്യം. ന്യൂമോണിയയും കരൾ രോഗവും ബാധിച്ച് ചികിത്സയിലായിരുന്ന സിദ്ദീഖിന് ശനിയാഴ്ച ഹൃദയാഘാതം കൂടി അനുഭവപ്പെട്ടതോടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കാക്കനാട് മനക്കക്കടവിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാമസ്ജിദിലാണ് ഖബറടക്കം. സംവിധായകൻ ബി. ഉണ്ണികൃഷ്ണനാണ് മരണവാർത്ത മാധ്യമങ്ങളെ അറിയിച്ചത്.

1960 ആഗസ്റ്റ് ഒന്നിന് എറണാകുളം പുല്ലേപ്പടിയിൽ കറപ്പനൂപ്പിൽ ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും രണ്ടാമത്തെ മകനായാണ് ജനനം. കലൂർ ഗവ. ഹൈസ്കൂൾ, കളമശ്ശേരി സെന്‍റ് പോൾസ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനം പൂർത്തിയാക്കിയ ശേഷം എറണാകുളം പുല്ലേപ്പടി ദാറുൽ ഉലൂം സ്കൂളിൽ ക്ലർക്കായി. ഇതിനൊപ്പം കൊച്ചിൻ കലാഭവന്‍റെ മിമിക്രി ട്രൂപ്പിലും അംഗമായിരുന്നു. സംവിധായകൻ ഫാസിലുമായുള്ള കൂടിക്കാഴ്ച കലാഭവനിൽ മിമിക്രി കലാകാരൻമാരായിരുന്ന സിദ്ദീഖിന്‍റെയും ലാലിന്‍റെയും ജീവിതത്തിൽ വഴിത്തിരിവായി.

തുടർന്ന്, ഇരുവരും ഫാസിലിന്‍റെ ചിത്രങ്ങളിൽ സഹസംവിധായകരായി. 1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായാണ് സിദ്ദീഖ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലാലുമായി ചേർന്ന് 1989ൽ സംവിധാനം ചെയ്ത ‘റാംജി റാവ് സ്പീക്കിങ്’ ആണ് ആദ്യചിത്രം. തുടർന്ന് സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിൽ ഇൻ ഹരിഹർ നഗർ (1990), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി (1992), കാബൂളിവാല (1994) എന്നീ ഹിറ്റ് ചിത്രങ്ങൾ പിറന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു.

 

സിദ്ദീഖ് സംവിധായകനായി തുടർന്നപ്പോൾ ലാൽ സംവിധാനത്തിനൊപ്പം അഭിനയത്തിലേക്കും നിർമാണത്തിലേക്കും തിരിഞ്ഞു. ഹിറ്റ്ലർ, ഫ്രണ്ട്‌സ് (മലയാളവും തമിഴും), ക്രോണിക് ബാച്ച്‌ലർ, ബോഡി ഗാർഡ് (മലയാളവും ഹിന്ദിയും), ലേഡീസ് ആന്‍റ് ജെന്‍റിൽമാൻ, ഭാസ്ക്കർ ദ റാസ്കൽ, ഫുക്രി, ബിഗ് ബ്രദർ എന്നിവയും എങ്കൾ അണ്ണ, സാധു മിറാൻഡ, കാവലൻ എന്നീ തമിഴ് ചിത്രങ്ങളും സിദ്ദീഖ് തിരക്കഥയെഴുതി സംവിധാനം ചെയ്തു.

2020ൽ പുറത്തുവന്ന ബിഗ് ബ്രദർ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഫുക്രി, ബിഗ്ബ്രദർ എന്നീ ചിത്രങ്ങൾ നിർമിച്ചതും സിദ്ദീഖാണ്. മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ്, ഫിംഗർ പ്രിന്‍റ്, കിംഗ് ലയർ എന്നീ ചിത്രങ്ങളുടെ തിരക്കഥയും നാടോടിക്കാറ്റ്, അയാൾ കഥയെഴുതുകയാണ് എന്നിവയുടെ കഥയും സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിന്‍റേതായിരുന്നു.

ടെലിവിഷൻ പരിപാടികളിൽ അവതാരകനായി. സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. 1991ൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി.

ഭാര്യ: ഷാജിദ. മക്കൾ: സുമയ്യ, സാറ, സുകൂൻ. മരുമക്കൾ: നബീൽ, ഷഫ്സിൻ. സഹോദരങ്ങൾ: സലാഹുദ്ദീൻ, അൻവർ, സക്കീർ, മുഹമ്മദ് സാലി, ഫാത്തിമ, ജാസ്മിൻ, റഹ്മത്ത്.

Tags:    
News Summary - Director siddique passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.