ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരത്ത്​ ഫോറൻസിക് പരിശോധനക്ക്​ അയക്കാൻ കോടതി നിർദേശം

ആലുവ: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട്​ നടൻ ദിലീപിന്‍റേതടക്കമുള്ള ഫോണുകൾ കോടതിയിൽവെച്ച് തുറപ്പിക്കാനുള്ള നീക്കത്തിൽ അന്വേഷണ സംഘത്തിന് തിരിച്ചടി. പ്രതി ദിലീപ് ഉൾപ്പെടെയുള്ളവർ ഹൈകോടതിയിൽ സമർപ്പിച്ച മൊബൈൽ ഫോണുകൾ ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തുറന്നില്ല. ഫോണുകൾ കോടതിയിൽ തുറക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം തള്ളുകയായിരുന്നു.

ഇവ തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിൽ അയച്ച്​ പരിശോധനക്ക്​ വിധേയമാക്കാൻ ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഫോറൻസിക് പരിശോധനക്ക് അയക്കാൻ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് എസ്.പി അപേക്ഷ നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനുള്ള തെളിവുകൾ ഫോണുകളിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

ദിലീപിന്‍റെ ഫോണുകൾ തുറക്കാനുള്ള പാറ്റേണുകൾ നൽകണമെന്ന ഉത്തരവിനെ തുടർന്ന് ബുധനാഴ്ച് ഉച്ചക്കുതന്നെ അഭിഭാഷകർ മുഖേന കോടതിക്ക് വിവരം നൽകിയിരുന്നു. ഇതേ തുടർന്നാണ് പാറ്റേൺ ശരിയാണോ എന്ന് കോടതിയിൽ പരിശോധിക്കാതെ അയക്കരുതെന്ന വാദവുമായി പ്രോസിക്യൂഷൻ എത്തിയത്. ലാബിൽ പരിശോധിക്കുമ്പോൾ മാറ്റമുണ്ടെങ്കിൽ ഫലം ലഭിക്കാൻ കാലതാമസമുണ്ടാക്കും എന്നായിരുന്നു പ്രോസിക്യൂഷന്‍റെ പ്രധാന വാദം. ഏതെങ്കിലും രീതിയിൽ കാലതാമസമുണ്ടാകുന്നത് റിപ്പോർട്ടിൽ കൃത്രിമം കാണിച്ചെന്ന ആക്ഷേപം പിന്നീട്​ പ്രതിഭാഗം ഉയർത്തുന്നതിന് ഇടയാക്കുമെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, ഫോണുകൾ കോടതിയില്‍ തുറക്കുന്നതിനെ പ്രതിഭാഗം എതിർക്കുകയായിരുന്നു. കോടതിയില്‍ വെച്ച് തുറന്നാല്‍ ഫോണില്‍ കൃത്രിമത്വം നടത്തുന്നതിന് സാധ്യതയുണ്ടെന്നായിരുന്നു അവരുടെ വാദം. ഫോണുകള്‍ ഹൈകോടതിയില്‍ ഡി.ജി.പിയുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്തതാണ്. സൈബര്‍ വിദഗ്ധര്‍പോലുമില്ലാതെ ഫോണുകൾ ഉൾക്കൊള്ളുന്ന കവര്‍ തുറക്കരുതെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

Tags:    
News Summary - dileeps phones will be sent for forensic testing at the lab in thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.