തിരുവനന്തപുരം: വൈസ്ചാൻസലർ ഡോ. സിസ തോമസിനെതിരെ അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേരള ഡിജിറ്റൽ സർവകലാശാല ബോർഡ് ഓഫ് ഗവേണേഴ്സ് (ബി.ഒ.ജി) യോഗം. ഇതുസംബന്ധിച്ച പ്രമേയത്തിന് യോഗം ഐകകണ്ഠ്യേന അംഗീകാരം നൽകി. സർവകലാശാലകളുടെ ഗവേഷണ പദ്ധതികൾ സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ ബി.ഒ.ജിയുടെ അനുമതിയില്ലാതെ ഗവർണർക്ക് റിപ്പോർട്ട് ചെയ്തതാണ് വി.സിക്കെതിരെ അന്വേഷണത്തിന് പ്രമേയം പാസാക്കുന്ന അസാധാരണ നടപടിയിലേക്ക് എത്തിച്ചത്.
ഇതോടൊപ്പം ഗവർണർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ഇടയായ സാഹചര്യങ്ങൾ അന്വേഷിക്കാനും ബി.ഒ.ജി തീരുമാനിച്ചു. ഐ.ടി സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. സർവകലാശാലയിൽ സമാന്തരമായി അന്വേഷണങ്ങൾ നടക്കുന്നുവെന്ന പ്രതീതി ഒഴിവാക്കാൻ ‘പഠനം’ എന്ന വാക്കാകും ഇതേക്കുറിച്ച് രേഖകളിലുണ്ടാവുക.സർവകലാശാലയിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന വി.സിയുടെ റിപ്പോർട്ടിനെ തുടർന്ന് ഗവർണർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സർവകലാശാല സിൻഡിക്കേറ്റിന് സമാനമായ ഭരണസമിതിയാണ് ഡിജിറ്റൽ സർവകലാശാലയിലെ ബി.ഒ.ജി. സർവകലാശാലക്കെതിരെ ഗവർണർക്ക് റിപ്പോർട്ട് സമർപ്പിക്കുന്ന കാര്യം വി.സി ബി.ഒ.ജിയെ അറിയിച്ചിരുന്നില്ല. ഇതാണ് വിമർശനത്തിലേക്ക് വഴിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.