ഡി​ജി​റ്റ​ൽ, കെ.​ടി.​യു വി.​സി നി​യ​മ​നം: സ​ർ​ക്കാ​ർ-​ഗ​വ​ർ​ണ​ർ സ​മ​വാ​യ നീ​ക്ക​വും പൊ​ളി​ഞ്ഞു

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക (കെ.ടി.യു) സർവകലാശാലകളിൽ വി.സി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായ നീക്കവും പൊളിഞ്ഞു. സർക്കാറും ഗവർണറും സംസാരിച്ച് സമവായത്തിലെത്തണമെന്ന സുപ്രീംകോടതി നിർദേശപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും നിയമമന്ത്രി പി. രാജീവും ബുധനാഴ്ച രാവിലെ 10 മണിയോടെ ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി ചർച്ച നടത്തിയെങ്കിലും ഇരുപക്ഷവും നിലപാടുകളിൽ ഉറച്ചുനിൽക്കുകയായിരുന്നു. സമവായ സാധ്യത അടഞ്ഞതോടെ വ്യാഴാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോൾ തുടർനടപടികളിലേക്ക് പോയേക്കും. സമവായമായില്ലെങ്കിൽ കോടതി തന്നെ വി.സി നിയമനം നടത്തുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

സെർച്ച് കമ്മിറ്റി തയാറാക്കിയ രണ്ട് പാനലുകളിലും ഉൾപ്പെട്ട ഡോ. സിസ തോമസിനെ വി.സിയായി നിയമിക്കണമെന്ന നിലപാടിൽ ഗവർണർ ഉറച്ചുനിന്നു. എന്നാൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം വി.സി നിയമനത്തിൽ മുൻഗണന നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്ന് മന്ത്രിമാർ ഗവർണറെ അറിയിച്ചു. സർക്കാറിന് പലരീതിയിൽ തലവേദന സൃഷ്ടിച്ച സിസ തോമസിനെ നിയമിക്കാനാകില്ലെന്ന നിലപാടിൽ മന്ത്രിമാർ ഉറച്ചുനിന്നു.

ഡിജിറ്റൽ സർവകലാശാല വി.സിയായി കോഴിക്കോട് എൻ.ഐ.ടിയിലെ പ്രഫ. പ്രിയ ചന്ദ്രന്‍റെ പേരാണ് ഗവർണർ നിർദേശിച്ചത്. സമവായ ചർച്ചകൾക്ക് മുഖ്യമന്ത്രിയായിരുന്നു വരേണ്ടതെന്നും എന്തുകൊണ്ട് വന്നില്ലെന്നും ഗവർണർ ചോദിച്ചു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചുള്ള സർക്കാർ നിലപാടാണ് തങ്ങൾ അറിയിക്കുന്നതെന്ന് മന്ത്രിമാർ പറഞ്ഞു. ഡിജിറ്റൽ സർവകലാശാല വി.സി നിയമനത്തിനായി മുൻ വി.സിയും കോഴിക്കോട് ഐ.ഐ.എമ്മിലെ പ്രഫസറുമായ സജി ഗോപിനാഥിന്‍റെ പേരാണ് മുൻഗണന നൽകി മുഖ്യമന്ത്രി ഗവർണർക്ക് പാനൽ സമർപ്പിച്ചത്.

കെ.ടി.യുവിലേക്ക് കോട്ടയം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുൻ പ്രിൻസിപ്പൽ ഡോ. സി. സതീഷ് കുമാറിന്‍റെ പേരാണ് ഒന്നാമതായി മുഖ്യമന്ത്രി നൽകിയത്. ഇത് അംഗീകരിക്കാതെയാണ് ഡോ. സിസ തോമസിനെയും ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്ന് ഗവർണർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. ഇതെ തുടർന്നാണ് സർക്കാറും ഗവർണറും സംസാരിച്ച് സമവായത്തിലെത്താൻ കോടതി നിർദേശിച്ചത്.

നേരത്തെ വി.സി നിയമന തർക്കം കോടതിയിലെത്തിയതോടെയാണ് റിട്ട. ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായി അഞ്ചംഗങ്ങൾ വീതമുള്ള രണ്ട് സെർച് കമ്മിറ്റി സുപ്രീംകോടതി രൂപവത്കരിച്ചത്. സെർച് കമ്മിറ്റികൾ അപേക്ഷരെ അഭിമുഖത്തിന് ക്ഷണിക്കുകയും ഇവരിൽ നിന്ന് പരിഗണിക്കേണ്ട പേരുകൾ അടങ്ങിയ പാനൽ മുഖ്യമന്ത്രിക്ക് കൈമാറുകയുമായിരുന്നു. 

Tags:    
News Summary - Digital, KTU VC appointment: Government-Governor joint move also foiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.