ശിക്ഷവിധിയറിഞ്ഞ മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും മാധ്യമങ്ങളെ കാണുന്നു
മണ്ണാർക്കാട്: മധു വധക്കേസിൽ കോടതി വിധി നിരാശജനകമാണെന്നും മധുവിന് നീതി ലഭിച്ചില്ലെന്നും കുടുംബം. ആദിവാസി വിഭാഗത്തിന് പട്ടികജാതി -പട്ടികവർഗ കോടതിയിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ മറ്റെവിടെനിന്ന് ലഭിക്കുമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും വിധി അറിഞ്ഞ ശേഷം പ്രതികരിച്ചു.
പ്രതികൾ കുറ്റക്കാരാണെന്ന വിധി കേട്ടപ്പോൾ അർഹിക്കുന്ന നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ശിക്ഷ വന്നപ്പോൾ നിരാശയാണ് ഉണ്ടായത്. കോടതി വാദിക്കൊപ്പമാണോ പ്രതികൾക്കൊപ്പമാണോ എന്നറിയാത്ത അവസ്ഥയാണ്. മധുവിന് എന്ത് സംഭവിച്ചുവെന്ന് കോടതിക്ക് മനസ്സിലായിട്ടില്ല. അപ്പീൽ നൽകാൻ സർക്കാർ ഇടപെടലുണ്ടാകണം. പുതിയ രണ്ട് പ്രോസിക്യൂട്ടർമാരെ അനുവദിക്കണം.പ്രതികൾക്കു വേണ്ടി സർക്കാറോ മന്ത്രിമാരോ ഇടപെടരുതെന്നും മധുവിന് നീതി ലഭിച്ചുവെന്ന് പറയരുതെന്നും കുടുംബം പറഞ്ഞു.
തങ്ങൾക്ക് സംരക്ഷണം നൽകാൻ സർക്കാറിനോട് ആവശ്യപ്പെടും. അട്ടപ്പാടിയിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ ചികിത്സിക്കാൻ ആശുപത്രി അനുവദിക്കണം. പ്രതികൾ നാലു വർഷം ജാമ്യത്തിൽ കഴിഞ്ഞപ്പോൾ ഏറെ അനുകൂല്യം അനുഭവിക്കുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്തു. കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മണ്ണാർക്കാട്: മധു വധക്കേസ് വിധിയിൽ പൊലീസിന് വിമർശനം. മധുവിനെ പൊലീസ് കൃത്യസമയത്ത് പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും മാനസികവൈകല്യമുണ്ടായിരുന്നെങ്കിൽ സർക്കാർ ചെലവിൽ ചികിത്സ നൽകി പുനരധിവാസത്തിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തിരുന്നുവെങ്കിൽ ഈ സംഭവം ഉണ്ടാകില്ലായിരുന്നുവെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. മധുകേസ് പൊലീസിന് പാഠമാണെന്നും കോടതി പറഞ്ഞു.
വസ്തുവകകൾ മോഷണം പോയെന്ന് പരാതി ലഭിക്കുമ്പോൾ അവ അതിന്റേതായ പ്രാധാന്യത്തോടെ പരിഗണിക്കാതെ പോകുമ്പോൾ അത് സമൂഹത്തിൽ സദാചാര പൊലീസ് രീതി ഉണ്ടാക്കാൻ ഇടയാക്കുമെന്നും ദൗർഭാഗ്യകരമായ ഈ സംഭവം പൊലീസിന് പാഠമാകണമെന്നും കോടതി വ്യക്തമാക്കി. മധുവിന് നീതി ലഭ്യമാക്കുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് സുപ്രധാനമെന്നും മാധ്യമങ്ങൾ പ്രാധാന്യം നൽകിയില്ലായിരുന്നെങ്കിൽ കേസ് ഇതുപോലെ അവസാനിക്കില്ലായിരുന്നുവെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
മണ്ണാർക്കാട്: മധു വധക്കേസിൽ കൂറുമാറിയ ഒമ്പത് സാക്ഷികൾക്കെതിരെ ഹൈകോടതി തീർപ്പിനു ശേഷം തുടർ നടപടി. മജിസ്ട്രേറ്റിന് മുന്നിൽ 164 പ്രകാരം രഹസ്യമൊഴി നൽകിയ ശേഷം മൊഴി തിരുത്തിയ ഏഴുപേർ അടക്കമുള്ളവർക്കെതിരെയാണ് നടപടിയുണ്ടാവുക. മൊഴി നൽകിയ ശേഷം 24 സാക്ഷികളാണ് കോടതിയിൽ കൂറുമാറിയത്.
ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, അനിൽകുമാർ, ആനന്ദൻ, മെഹറുന്നീസ, റസാഖ്, ജോളി, സുനിൽകുമാർ, അബ്ദുൽ ലത്തീഫ് തുടങ്ങിയവരാണ് കൂറുമാറിയത്. കൂറുമാറിയ സാക്ഷികളിൽ ആറുപേർ ഹൈകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ തീർപ്പ് വരുന്നതോടെ കൂറുമാറ്റത്തിന് നടപടി തുടങ്ങണം എന്നാണ് വിചാരണ കോടതി നിർദേശിച്ചത്.
ഉണ്ണികൃഷ്ണനാണ് മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന് മൊഴി നൽകിയത്. എന്നാൽ, കോടതിയിൽ ഇത് അദ്ദേഹം തിരുത്തി. കാൽ പൊക്കുന്നത് മാത്രമാണ് കണ്ടതെന്നും ചവിട്ടുന്നത് കണ്ടില്ലെന്നുമുള്ള വിചിത്ര മൊഴിയാണ് ഉണ്ണികൃഷ്ണൻ കോടതിയിൽ നൽകിയത്. മധുവിന്റെ അടുത്ത ബന്ധുവും മൊഴി തിരുത്തിയിരുന്നു.
മണ്ണാർക്കാട്: കൊലക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പ്രതിഭാഗം അഭിഭാഷകരായ ബാബു കാർത്തികേയൻ, എം.എൻ. സക്കീർ ഹുസൈൻ എന്നിവർ പ്രതികരിച്ചു. പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിയിക്കാനായില്ല. കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയല്ലാത്ത നരഹത്യ എന്ന വകുപ്പാണ് കോടതി കണ്ടെത്തിയത്.
പ്രതികൾ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാട്ടിൽനിന്ന് മധുവിനെ പിടിച്ചുകൊണ്ടുവന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ഒരു പ്രതി എന്ന നിലക്കാണ് മധുവിനെ മുക്കാലിയിൽനിന്ന് കസ്റ്റഡിയിലെടുക്കുന്നത്.
മധുവിനെ പ്രതികൾ പൊലീസ് മുമ്പാകെ ഹാജറാക്കുമ്പോൾ ശരീരത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പരിക്ക് ഉണ്ടായിരുന്നെങ്കിൽ ഏറ്റവും അടുത്തുള്ള മെഡിക്കൽ ഓഫിസറെ കാണിച്ച് രേഖപ്പെടുത്തേണ്ടിയിരുന്നു. അതു ചെയ്തിട്ടില്ല. കസ്റ്റഡിയിലിരിക്കുമ്പോഴാണ് മധു മരിച്ചത്. ഹൈകോടതിയിൽനിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രതിഭാഗം അഭിഭാഷകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.