പി.എസ്.സി ആസ്ഥാനത്തെത്തിയ ഡി.ജി.പി അപമാനിതനായി മടങ്ങി

തിരുവനന്തപുരം: സബ് ഇന്‍സ്പെക്ടര്‍മാരുടെ (എസ്.ഐ) വകുപ്പുതല സ്ഥാനക്കയറ്റ സമിതിയില്‍ (ഡി.പി.സി) പങ്കെടുക്കാന്‍ പി.എസ്.സി ആസ്ഥാനത്തത്തെിയ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അപമാനിതനായി മടങ്ങി. ഡി.പി.സിക്കുവേണ്ട അടിസ്ഥാന രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതാണ് കാരണം. തിങ്കളാഴ്ചയാണ് ബെഹ്റയും പൊലീസ് ആസ്ഥാനം ഐ.ജി സുരേഷ്രാജ് പുരോഹിതും ഉള്‍പ്പെട്ട സംഘം ഡി.പി.സിയില്‍ പങ്കെടുക്കാനത്തെിയത്.

എന്നാല്‍, ഡി.പി.സി അധ്യക്ഷന്‍ കൂടിയായ പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ ആവശ്യപ്പെട്ട സുപ്രധാന രേഖകള്‍ പലതും സമര്‍പ്പിക്കാന്‍ ഡി.ജി.പിക്കായില്ല. അവ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ കൈമലര്‍ത്തുകയായിരുന്നത്രെ. ഇതൊന്നുമില്ലാതെ എന്തടിസ്ഥാനത്തിലാണ് ഡി.പി.സി ചേരുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കാനും ബെഹ്റക്കായില്ല.
ഡി.ജി.പിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് പ്രശ്നകാരണമെന്നാണ് അറിയുന്നത്. 2003 ബാച്ച് എസ്.ഐമാരെ മൂന്നുഘട്ടമായാണ് നിയമിച്ചത്. ആദ്യഘട്ടത്തില്‍ നിയമനം ലഭിച്ചവര്‍ ഡിവൈ.എസ്.പിമാരായി.

രണ്ടാംഘട്ടത്തിലുള്ളവര്‍ സി.ഐമാരായി. മൂന്നാം ഘട്ടത്തിലുള്ള അമ്പതോളംപേര്‍ ഇപ്പോഴും എസ്.ഐമാരായിതുടരുന്നു. 2007 ബാച്ചിലെ എഴുപത്തഞ്ചോളം എസ്.ഐമാരും സ്ഥാനക്കയറ്റം ലഭിക്കാന്‍ ഡി.പി.സി കാത്ത് കഴിയുകയാണ്. സേനയില്‍ സി.ഐമാരുടെ ക്ഷാമം രൂക്ഷമായിട്ടും ഡി.പി.സികള്‍ കൃത്യസമയത്ത് ചേരാതെ ഉന്നത ഉദ്യോഗസ്ഥര്‍ ഉരുണ്ടുകളി തുടര്‍ന്നു. ഇതിനെതിരെ വിവിധ കോണുകളില്‍നിന്ന് ആക്ഷേപം ശക്തമായതോടെ ഡി.പി.സിക്കായി നീക്കങ്ങള്‍ തുടങ്ങുകയും പി.എസ്.സി സന്നദ്ധത അറിയിക്കുകയുമായിരുന്നു. എന്നാല്‍, കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ (സി.ആര്‍) പോലും ശരിയാക്കാതെയാണ് പൊലീസ് ഉന്നതര്‍ ഡി.പി.സിക്ക് പോയത്. ഇതോടെ നടപടിക്രമങ്ങള്‍ പി.എസ്.സി നിര്‍ത്തിവെച്ചു. ഇത് കേരള പൊലീസിനാകെ അപമാനകരമായെന്നും എത്രയുംവേഗം സി.ആറുകള്‍ ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് ഡി.ജി.പി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. ജില്ല പൊലീസ് മേധാവിമാര്‍ മുഖേന യുദ്ധകാലാടിസ്ഥാനത്തില്‍ സി.ആറുകള്‍ ശേഖരിച്ച് വെള്ളിയാഴ്ചതന്നെ ഡി.പി.സി ചേരാനുള്ള നീക്കം പുരോഗമിക്കുകയാണ്. അതേസമയം, ഡി.പി.സിയുടെ കാര്യത്തില്‍ പൊലീസ് ആസ്ഥാനത്തെ ഉന്നതര്‍ വീഴ്ചവരുത്തുന്നതിനെതിരെ സേനയില്‍ പ്രതിഷേധം ശക്തമാവുകയാണ്.

Tags:    
News Summary - DGP Loknath Behra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.