യു.എ.പി.എ: ഡി.ജി.പിയുടെ നിര്‍ദേശത്തിനെതിരെ കീഴ്ജീവനക്കാര്‍ക്കിടയില്‍ മുറുമുറുപ്പ്

കോഴിക്കോട്: യു.എ.പി.എ ചുമത്തുന്നത് സംബന്ധിച്ച് ഡി.ജി.പിയുടെ സര്‍ക്കുലറിനെതിരെ പൊലീസ് സംഘടനകളില്‍ മുറുമുറുപ്പ്. കീഴ്ജീവനക്കാരുടെ സംഘടനയായ പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍, പൊലീസ് അസോസിയേഷന്‍ എന്നിവയുടെ സംസ്ഥാന ഭാരവാഹികള്‍തന്നെ പുതിയ നിര്‍ദേശത്തില്‍ അസംതൃപ്തരാണ്.

മേലുദ്യോഗസ്ഥരുടെ ഉപദേശം സ്വീകരിക്കാതെയാണ് യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുന്നതെന്ന ധ്വനിയാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നും ഇത് പൊലീസിന്‍െറ മനോവീര്യം തകര്‍ക്കുമെന്നുമാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. സ്റ്റേഷന്‍ ചുമതല വഹിക്കുന്ന എസ്.എച്ച്.ഒമാര്‍ സ്വമേധയാ ഇത്തരം വകുപ്പുകള്‍ ചുമത്താറില്ളെന്നും അത്തരം നടപടി എടുത്താല്‍ വിശദീകരണം നല്‍കേണ്ടി വരാറുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ മുതല്‍ എ.എസ്.ഐ വരെയുള്ളവരുടെ സംഘടനയാണ് പൊലീസ് അസോസിയേഷന്‍.

എസ്.ഐ മുതല്‍ ഡിവൈ.എസ്.പി വരെയുള്ളവരുടെ സംഘടനയാണ് ഓഫിസേഴ്സ് അസോസിയേഷന്‍. ഈ ഉദ്യോഗസ്ഥരുടെ സൂക്ഷ്മതക്കുറവാണ് ആഭ്യന്തരവകുപ്പിന് കളങ്കമായതെന്ന് വരുത്താനാണ് ഡി.ജി.പി ലോക്നാഥ് ബെഹറ പുറത്തിറക്കിയ നിര്‍ദേശത്തിന്‍െറ സാരമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണനിലയില്‍ യു.എ.പി.എ, രാജ്യദ്രോഹ കുറ്റം, എന്‍.ഐ.എ ആക്ട് പ്രകാരമുള്ള ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങള്‍ ചുമത്തുന്നത് മേലുദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം മാത്രമാണ്. എസ്.പിയും ഡിവൈ.എസ്.പിയും സി.ഐയും ഈ വിഷയത്തില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശം നല്‍കാറുണ്ട്.

അതിനുശേഷമേ ഇത്തരത്തിലുള്ള വകുപ്പുകള്‍ ചേര്‍ത്ത് പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഏതെങ്കിലും ഉദ്യോഗസ്ഥന് കൈമാറുന്നത്. അതേസമയം ഡി.ജി.പിയുടെ സര്‍ക്കുലറിനെതിരെ സേനയില്‍ അഭിപ്രായ ഭിന്നത രൂപപ്പെട്ടിട്ടും അസോസിയേഷന്‍ ഭാരവാഹികളൊന്നും ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് തയാറായിട്ടില്ല.

Tags:    
News Summary - dgp loknath behra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.