വൃശ്ചിക പുലരിയില്‍ ശബരിമലയിൽ നട തുറന്ന പുതിയ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ഭക്തർക്ക് പ്രസാദം നൽകുന്നു
ശബരിമല: മണ്ഡലകാല തീർഥാടനത്തിന് തുടക്കം കുറിച്ച വൃശ്ചിക പുലരിയില്‍ സന്നിധാനത്ത് വലിയ ഭക്തജനതിരക്ക്. ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു തീർഥാടകരിൽ ഏറെയും. കൊച്ചു കുട്ടികളും മാളികപ്പുറങ്ങളുമായി അയ്യപ്പന്മാർ വലിയ സംഘങ്ങളായാണ് സന്നിധാനത്തേക്ക് എത്തുന്നത്.
കോവിഡ് കാലത്ത് കുട്ടികളുമായി എത്താൻ കഴിയാതിരുന്ന ഭക്തരെല്ലാം ഇത്തവണ എത്തുന്നതു മൂലം കന്നി അയ്യപ്പന്മാരുടെ വലിയ തിരക്ക് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. വൃശ്ചിക പുലരിയില്‍ പുതിയ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. പുലര്‍ച്ച മൂന്നുമണിക്ക് നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി അയ്യപ്പന്മാരുടെ വലിയനിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു.
രാവിലെ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ എന്നിവ നടന്നു. സവിശേഷമായ നെയ്യ് അഭിഷേകം നടത്തിയാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. മന്ത്രി കെ. രാധാകൃഷ്ണന്, എം.എൽ.എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് മെംബര്‍ പി.എം. തങ്കപ്പന്, ശബരിമല സ്പെഷല്‍ കമീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എ.ഡി.ജി.പി എം.ആര്. അജിത് കുമാർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ദേവസ്വം ഭാരവാഹികളും വിവിധ വകുപ്പ് മേധാവികളും പെങ്കടുത്ത് ഉന്നതതല യോഗവും സന്നിധാനത്ത് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.