തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് തുടർച്ചയായ രണ്ടാംദിനവും സംസ്ഥാനത്തുടനീളം പ്രകടനം. ആർക്കെങ്കിലും വേണ്ടി പ്രകടനങ്ങളും പരസ്യപ്രസ്താവനകളും നടത്തുന്നത് തെറ്റാണെന്നും വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമുള്ള കെ.പി.സി.സി അധ്യക്ഷന്‍റെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രകടനം നടത്തുന്നത്.
കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിലടക്കം പ്രകടനങ്ങൾ നടന്നു. പലയിടങ്ങളിലും 'ജനമനസ്സറിഞ്ഞ നായകൻ തന്നെ ഇനിയും നയിക്കട്ടെ'യെന്നുള്ള തരത്തിൽ ഫ്ലക്സുകളും ഉയർന്നിരുന്നു. പട നയിച്ചവൻ നാട് നയിക്കട്ടെയെന്ന ബാനർ ഉയർത്തിക്കാട്ടി കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നിന്ന് കിഡ്സൺ കോർണർ വരെ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. വയനാട് നായ്കട്ടിയിലും സതീശന് വേണ്ടി ഫ്ലക്സ് ബോർഡുകൾ ഉയർന്നു. പിന്നാലെയാണ് പ്രകടനങ്ങളും പരസ്യ പ്രസ്താവനകളും വിലക്കി കെ.പി.സി.സി സർക്കുലർ പുറത്തിറക്കിയത്.
സതീശന് പരോക്ഷ പിന്തുണയുമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖർ രംഗത്തെത്തി. കെ. കരുണാകരൻ മുതൽ ഇങ്ങോട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്നതാണ് കീഴ്വഴക്കമെന്നും ടീം യു.ഡി.എഫ് എന്ന പ്രഖ്യാപനവുമായി ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ മിഷൻ 25 പ്രഖ്യാപിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നേരിട്ട് വിജയം കണ്ടു. മിഷൻ 26 പ്രഖ്യാപിച്ച് പുതുയുഗ യാത്ര നടത്തി ടീം യു.ഡി.എഫ് എന്ന പുതിയ മുദ്രാവാക്യം ഉയർത്തി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചതിന്‍റെ ഫലമാണ് നിയമസഭ തെരഞ്ഞെടുപ്പിലെ വൻ വിജയം. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ജനാധിപത്യപരമായി അഭിപ്രായം തേടുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശൻ തന്നെ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രവർത്തകരോടുള്ള അഭ്യർഥന. 102 സീറ്റുമായി കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. നമുക്കിത് സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റെയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ലെന്ന് സതീശൻ കുറിച്ചു.
അതേസമയം, മുഖ്യമന്ത്രി പദവിക്കായി കോൺഗ്രസിൽ കനത്ത പോര് തുടരുന്നതിനെ സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈകമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് രാത്രി ഡൽഹിയിൽ എത്താനാണ് നിർദേശം. ദീപാ ദാസ് മുൻഷിയാണ് ഇരുവരേയും വിവരം അറിയിച്ചത്. ഇതിനിടെ കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന വിവരവും പുറത്തുവന്നു. തെരഞ്ഞെടുപ്പിൽ ജയിച്ച നിയുക്ത എം.എൽ.എമാരുടെ അഭിപ്രായമറിയാൻ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ എ.ഐ.സി.സി നിരീക്ഷകൻ മുകുൾ വാസ്നികിന്‍റെ കൈയിലുണ്ടായിരുന്ന ഫയലിന്‍റെ ചിത്രത്തിലാണ് സണ്ണിയടക്കം നേതാക്കളുടെ നിലപാട് വ്യക്തമാകുന്നത്. ഇക്കാര്യം അടിവരയിടുന്ന ഫോട്ടോ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമാണ് പുറത്തുവിട്ടത്.
സണ്ണി ജോസഫിന് പുറമെ സന്ദീപ് വാര്യർ (തൃക്കരിപ്പൂർ), അഡ്വ. സജീവ് ജോസഫ് (ഇരിക്കൂർ), ടി.ഒ. മോഹനൻ (കണ്ണൂർ), ഉഷ വിജയൻ (മാനന്തവാടി), ടി. സിദ്ദീഖ് (കൽപ്പറ്റ) എന്നിവർ കെ.സിയുടെ പേര് നിർദേശിച്ചതായാണ് ചിത്രത്തിലുള്ളത്. രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനെന്ന് കരുതപ്പെട്ട ഐ.സി. ബാലകൃഷ്ണൻ (ബത്തേരി) കെ.സി. വേണുഗോപാലിനൊപ്പാണ് ചെന്നിത്തലയെ പിന്തുണച്ചത്. മറ്റുള്ളവരുടെ പേരിന് നേരെയുള്ള കോളത്തിൽ ‘കെ.സി’ എന്നാണെങ്കിൽ ഐ.സി ബാലകൃഷ്ണന്‍റെ പേരിന് നേരെയുള്ള കോളത്തിൽ ‘കെ.സി+ആർ.സി’ എന്നാണുള്ളത്.
അതേസമയം, പുറത്തുവന്ന രേഖകൾ തള്ളി മുകുൾ വാസ്നിക് രംഗത്തെത്തി. അത് തെറ്റാണെന്നും യഥാർഥ രേഖയല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ചിത്രം വിവാദമായതോടെ താൻ ഒരാളുടെയല്ല, മൂന്നുപേരുടെയും കാര്യങ്ങൾ പറഞ്ഞെന്ന വിശദീകരണുമായി കെ.പി.സി.സി പ്രസിഡന്‍റും രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.