ദേശാഭിമാനിക്കും ജന്മഭൂമിക്കും ഇപ്പോൾ ഒരേ എഡിറ്ററാണോയെന്ന്​ പി.കെ ഫിറോസ്​

തിരുവന്തപുരം: മുസ്​ലിംലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്​ട്രീയത്തിലേക്കുള്ള മടക്കം മുസ്​ലിം തീവ്രവാദഗ്രൂപ്പുകളുടെ ഏകോപനത്തിനെന്ന സി.പി.എം മുഖപത്രം ദേശാഭിമാനിയുടെ വാർത്തക്കെതിരെ വിമർശനവുമായി മുസ്​ലിം ലീഗ്​ സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്​.

വാർത്ത കൊണ്ട് സി.പി.എം മുഖപത്രം എന്താണുദ്ദേശിക്കുന്നതെന്നും മുസ്‌ലിംകളുടെ മേൽ തീവ്രവാദ മുദ്ര പതിപ്പിക്കുക വഴി എന്താണ് ലക്ഷ്യമിടുന്നതെന്നും പി.കെ.ഫിറോസ്​ ചോദിച്ചു. ദേശാഭിമാനിക്കും ജൻമഭൂമിക്കും ഇപ്പോൾ ഒരേ എഡിറ്ററാണോയെന്നും അതോ ആർ.എസ്.എസ് കാര്യാലയത്തിൽ നിന്നും എഴുതിക്കൊടുക്കുന്നതാണോ ദേശാഭിമാനിയിൽ അച്ചടിക്കുന്നതെന്നും പി.കെ ഫിറോസ്​ പറഞ്ഞു.

വാർത്തക്കെതിരെ വി.ടി.ബൽറാം എം.എൽ.എയും രംഗത്തെത്തി. സത്യത്തിൽ സി.പി.എമ്മേ, ഇങ്ങനെ പരദൂഷണം പറഞ്ഞ് മനുഷ്യരെ മതത്തിൻെറ പേരിൽ തമ്മിലടിപ്പിക്കുന്ന പണി മാത്രമേ നിങ്ങൾക്ക് അറിയുകയുള്ളൂ എന്നാണ്​​ വി.ടി ബൽറാം പ്രതികരിച്ചത്​.

മുസ്ലിംതീവ്രവാദ ശക്തികളുമായി തുറന്ന കൂട്ടുകെട്ടിന്‌ കുഞ്ഞാലിക്കുട്ടി ശ്രമം തുടങ്ങിയിട്ട്‌ ഏറെക്കാലമായെന്നും ദേശാഭിമാനി മുഖപേജിലുള്ള പ്രധാന വാർത്തയിൽ ആരോപണമുന്നയിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമി, എസ്‌.ഡി.പി.ഐ എന്നിവയുമായി ലീഗ്​ സഖ്യ ചർച്ച നടത്തി. എം.കെ മുനീർ അടക്കമുള്ള ഏതാനും പേർക്ക്‌ ഇതിനോട്‌ യോജിപ്പില്ലെങ്കിലും കുഞ്ഞാലിക്കുട്ടി കളംമാറ്റുമ്പോൾ എതിർപ്പ്‌ ദുർബലമാകും. അണികളുടെ കൊഴിഞ്ഞുപോക്കിനു പുറമെ ഫണ്ട്‌ ക്ഷാമവും ലീഗ്‌ നേരിടുന്നു. ഗൾഫിൽനിന്നുള്ള പണമൊഴുക്ക്‌ കുറഞ്ഞതിനു പുറമെ സ്വർണക്കടത്ത്‌ അന്വേഷണം മുറുകിയതും പണംവരവ്‌ കുറച്ചു. ഇതിന്‌ പോംവഴി കണ്ടെത്തുകയെന്ന ദൗത്യം കുഞ്ഞാലിക്കുട്ടിയുടെ ചുമലിലാണെന്നും ദേശാഭിമാനി വാർത്തയിൽ പറയുന്നു. ഉമ്മൻചാണ്ടി–കുഞ്ഞാലിക്കുട്ടി ദ്വയം തകർക്കാനുള്ള ശേഷി തനിക്കില്ലെന്ന്‌ ചെന്നിത്തലയ്‌ക്ക്‌ അറിയാമെന്നും വാർത്തയിൽ ആരോപിക്കുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.