ദീപികക്കെതി​രെ ദേശാഭിമാനി; 'വർഗീയത ആളിക്കത്തിക്കാനാണ്​ കോട്ടയം പത്രത്തിന്‍റെ ശ്രമം'

കോട്ടയം: പാലാ ബിഷപ്പിൻെറ വിദ്വേഷ പ്രസ്​താവനയെ പിന്തുണക്കുന്ന സീറോ മലബാർ സഭയുടെ മുഖപത്രമായ ദീപികക്കെതിരെ സി.പി.എം മുഖപത്രം ദേശാഭിമാനി. ബിഷപ്പിന്‍റെ പ്രസ്‌താവനയെ തുടർന്നുള്ള മുതലെടുപ്പ്‌ ശ്രമത്തെ സമൂഹം ഒറ്റക്കെട്ടായി നേരിടുമ്പോൾ ആളിക്കത്തിക്കാനാണ്​ ഒരു കോട്ടയം പത്രത്തിന്‍റെ ശ്രമമെന്ന്​ ദീപികയെ പേരെടുത്ത്​ പറയാതെ പറയുന്നു. മുതലെടുപ്പുകാർക്ക്‌ ഉപയോഗിക്കാവുന്ന നിലയിലാണ്‌ പരമ്പരകളും ലേഖനങ്ങളും മുഖപ്രസംഗവുമെന്നും 'ദീപം വെളിച്ചം പകരാനാകണം, കത്തിക്കാനാകരുത്​' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.

'ചേരിതിരിവുണ്ടാക്കി ചോരകുടിക്കാൻ കാത്തിരിക്കുന്ന സംഘപരിവാറിനും മറ്റു ചില ശക്തികൾക്കും ഊർജം പകരുന്നതാണിവ. രാഷ്‌ട്രീയ നിലപാട്‌ തുറന്നു പറയുമ്പോഴും കാലുഷ്യത്തിന്‌ വളമിട്ട്‌ കൊടുക്കാറില്ല മാധ്യമങ്ങൾ. എന്നാൽ, പാരമ്പര്യം ഏറെയുള്ള ഈ പത്രത്തിന്‍റെ റിപ്പോർട്ടുകളിൽ പലതും സാമുദായിക ചേരിതിരിവിന്‌ 'തീ ' പകരുന്നതാണ്‌. പേരിലെ 'ദീപം' സമൂഹത്തിന്‌ വെളിച്ചം പകരാനാണ്‌; ഇരുട്ടിലാക്കാനല്ല ഉപയോഗിക്കേണ്ടത്‌. കാന്ധമാലും സ്‌റ്റാൻസ്വാമിയും ഗ്രഹാംസ്‌റ്റെയിനും കുട്ടികളും 98ൽ തെക്കൻ ഗുജറാത്തിലുണ്ടായ കലാപവുമടക്കം എത്ര ആക്രമണങ്ങൾ ഉണ്ടായി. 20 പള്ളി ഒന്നിച്ച്‌ സംഘപരിവാർ കത്തിച്ചതും ചരിത്രമാണ്‌. ഇതൊക്കെ മറന്നതായി നടിച്ച്‌ പത്രം പറയുന്നു; 'ലൗ, നർകോട്ടിക്‌ ജിഹാദ്‌ ഇല്ലാതാക്കാൻ യുട്യൂബ്‌ നോക്കിയും അഡ്വ. ജയശങ്കറും മറ്റും പറയുന്നത്‌ കേട്ടും അന്വേഷിക്കണം ' !


'' സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ്‌ ബിഷപ് ജോസഫ്‌ കല്ലറങ്ങാട്ട്‌ പങ്കുവച്ചത്‌. ഇത്‌ ഏതെങ്കിലും മതത്തിന്‌ എതിരല്ല. തെറ്റിദ്ധാരണാജനകമായ പ്രചാരണം അവസാനിപ്പിക്കണം'' എന്ന പാലാ സഹായമെത്രാൻ ജേക്കബ് മുരിക്കന്‍റെ പ്രസ്‌താവന പിന്നീട്‌ കത്തോലിക്കാ കോൺഗ്രസും ആവർത്തിച്ചു. സമൂഹമാധ്യമങ്ങളിൽ ജാഗ്രത പാലിക്കണമെന്ന്‌ പാല ബിഷപ് പറഞ്ഞിരുന്നു. സമുദായ നേതാക്കൾ പറയുന്നതും ബാധകമല്ലാത്ത വിധമാണ്‌ പത്രത്തിന്‍റെ ജൽപനം.

സ്‌പർധവളർത്താനുള്ള നീക്കത്തിനെതിരെ ക്രൈസ്‌തവ സമൂഹത്തിൽനിന്ന്‌ തന്നെ നിരവധിപേർ രംഗത്തുവന്നു. മയക്കുമരുന്നിന്‍റെ വ്യാപനം ഏതെങ്കിലും മതത്തിന്​ മാത്രമല്ല എല്ലാവർക്കും ദോഷമുണ്ടാക്കും, അതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന സർക്കാരിന്‍റെ നിർദേശമാണ്‌ ബഹുഭൂരിപക്ഷവും ചെവിക്കൊണ്ടത്‌. അതുകൊണ്ടാകാം, അവസരം കിട്ടിയപ്പോഴൊക്കെ പത്രം സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഇല്ലാക്കഥയുടെ വാളെടുത്തത്‌. ചിലർക്ക്‌ പഴയ വിരോധം തികട്ടി വരുന്നുണ്ടാകാം. പക്ഷെ, അത്‌ സമൂഹത്തിലെ സൗഹാർദ അന്തരീക്ഷം തകർക്കാനാകരുത്‌.'' -വാർത്തയിൽ പറയുന്നു.

പാലാ ബിഷപ്പ് ഉന്നയിച്ച കാര്യങ്ങൾ സി.പി.എം ശരിവെച്ചെന്ന് ചൂണ്ടിക്കാട്ടി ദീപികയിൽ കഴിഞ്ഞദിവസം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ബിഷപ്പ്​ പറഞ്ഞത്​ അപ്രയസത്യമാണെന്നും പറയാതിരിക്കാനാവില്ലെന്നും വ്യക്​തമാക്കി മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു.

സി.പി.എം ആക്ടിങ് സെക്രട്ടറി എ​. വിജയരാഘവന്‍റെ പ്രതികരണവും മന്ത്രി വി.എൻ. വാസവന്‍റെ പാലാ ബിഷപ്പ് ഹൗസ് സന്ദർശനവും എല്ലാം യാഥാർഥ്യം ഉൾക്കൊള്ളുന്നു എന്നതിന്‍റെ സൂചനയാണെന്നായിരുന്നു ദീപികയുടെ വിലയിരുത്തൽ. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചതും സി.പി.എം ശരിവെച്ചതുമായ പ്രശ്നങ്ങളിൽ സർക്കാർ മുൻവിധികളില്ലാതെ അന്വേഷണം നടത്തി സമുദായങ്ങളുടെ ആശങ്കകൾക്ക് അറുതി വരുത്തുകയല്ലേ വേണ്ടതെന്നും 'യാഥാർഥ്യം തിരിച്ചറിഞ്ഞവരും അജ്ഞത നടക്കുന്നവരും' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

കോൺഗ്രസിനെയും യു.ഡി.എഫിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ദീപിക ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. ക്ലീൻ ഇമേജ് സൃഷ്ടിക്കാൻ പാടുപെടുന്ന സതീശന് ചങ്ങനാശേരിയിൽ നിന്ന് കാര്യങ്ങൾ വ്യക്തമായി കാണുമെന്നും ലേഖനത്തിൽ പറയുന്നു. അതുകൊണ്ടാവാം അദ്ദേഹം പാലായ്ക്ക് പോകാതിരുന്നത്. എന്നാൽ, തന്‍റെ ഇമേജ് കാത്തുസൂക്ഷിക്കാൻ സതീശൻ ചില പൊടിക്കൈകൾ കോട്ടയത്ത് കാട്ടുകയും ചെയ്തു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പാലായിലെത്തി ബിഷപ്പിനെ കണ്ട് കാര്യങ്ങൾ മനസിലാക്കിട്ടുണ്ടാവാമെന്ന് കരുതുന്നു. യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്​ലിം ലീഗിന് ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ മുമ്പേ അറിയാവുന്നതാണ്. എന്നാൽ, അറിയാത്തവരും അജ്ഞത നടിക്കുന്നവരും ഏറെയുണ്ടെന്നും ലേഖനത്തിൽ പറയുന്നു.

ബിഷപ്പിന് സംരക്ഷണം ഒരുക്കുന്നുവെന്ന്​ പ്രചാരണം നടത്തുന്ന ബി.ജെ.പി, ദേശസുരക്ഷയെ പോലും ബാധിക്കാവുന്ന വിധ്വംസക പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ അന്വേഷണവും നടപടികളും എടുക്കുകയാണ് വേണ്ടതെന്നും ലേഖനത്തിൽ പറയുന്നു.

Tags:    
News Summary - Deshabhimani against Deepika; 'trying to spread communalism'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.