പാലക്കാട്: ദേശീയപതാകയെ അപകീര്‍ത്തിപ്പെടുത്തി പ്രസംഗിച്ച ബി.ജെ.പി നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ എൻ. ശിവരാജനെതിരെ പരാതി. പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്‍റ് സുമേഷ് അച്യുതനും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷും ഡി.വൈ.എഫ്.ഐ പാലക്കാട് ബ്ലോക്ക് സെക്രട്ടറി എസ്. മുഹമ്മദ് നാസിമും ആണ് പരാതി നല്‍കിയത്.
ശിവരാജനെതിരെ രാജ്യദ്രോഹക്കുറ്റത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തണമെന്ന് സതീഷ് നൽകിയ പരാതിയില്‍ ആവശ്യപ്പെട്ടു. ശിവരാജനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി വൈസ് പ്രസിഡന്‍റ് സുമേഷ് അച്യുതനും ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
എൻ. ശിവരാജൻ ദേശീയപതാകയെ അപമാനിച്ചെന്നും മന്ത്രി വി. ശിവൻകുട്ടിയെ പൊതുജനമധ്യത്തിൽ അധിക്ഷേപിച്ചെന്നും കാണിച്ച് ഡി.വൈ.എഫ്.ഐ ജില്ല പൊലീസ് മേധാവിക്കാണ് മുഹമ്മദ് നാസിം പരാതി നൽകിയത്. കൃത്യമായ അന്വേഷണം നടത്തി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
ആർ.എസ്.എസിന്‍റെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെ കുറിച്ചുള്ള തർക്കത്തിനിടെയാണ് വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ എൻ. ശിവരാജൻ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. രാജ്ഭവനിലെ ഭാരതാംബ വിഷയത്തിൽ ബി.ജെ.പി ഈസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ചടങ്ങിനിടെയാണ് ശിവരാജൻ വിവാദ പ്രസ്താവന നടത്തിയത്.
ദേശീയപതാക കാവിക്കൊടിയാക്കണമെന്നാണ് ശിവരാജൻ ആവശ്യപ്പെട്ടത്. കോൺഗ്രസ് പച്ചപ്പതാക ഉപയോഗിക്കട്ടെയെന്നും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞു. ദേശീയപതാകക്ക് സമാനമായ പതാക രാഷ്ട്രീയപാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ ആവശ്യപ്പെട്ടു.
പ്രസംഗത്തിനിടെ മന്ത്രി വി. ശിവൻകുട്ടിയെയും ശിവരാജൻ അധിക്ഷേപിച്ചു. ശിവൻകുട്ടിയല്ല, ശവൻകുട്ടി ആണെന്നായിരുന്നു അധിക്ഷേപം.
അതേസമയം, മുതിർന്ന ബി.ജെ.പി നേതാവായ ശിവരാജൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പറഞ്ഞു. ത്രിവർണ പതാകയും കാവിക്കൊടിയും ബഹുമാനിക്കപ്പെടണം എന്ന നിലപാടാണ് ബി.ജെ.പിക്കെന്നും കൃഷ്ണകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.