ദത്തെടുത്ത മകളെ തിരിച്ചയക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല- ഹൈകോടതി

കൊച്ചി: ദത്തെടുത്ത മകളുമായി രക്ഷിതാക്കൾക്ക് ഒത്തുപോകാനാവുന്നില്ലെന്ന പേരിൽ ദത്ത് റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഹൈകോടതി. കോടതിയുടെ അധികാരപരിധിക്ക് പുറത്ത് മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതത്വമോ സംരക്ഷണമോ ഉറപ്പുവരുത്താതെ പെൺകുട്ടിയെ പറഞ്ഞുവിടാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. രക്ഷിതാക്കൾ കൈയൊഴിഞ്ഞ സാഹചര്യത്തിൽ പെൺകുട്ടിയുടെ ക്ഷേമം ഉറപ്പാക്കാൻ സ്വീകരിക്കാവുന്ന നടപടികൾ അറിയിക്കാൻ സർക്കാറിന് നിർദേശം നൽകി.

പെൺകുട്ടിയുമായി സംസാരിച്ച് മാനസിക സമ്മർദങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സഹാനുഭൂതിയുള്ള ഒരാളുടെ സേവനം ആവശ്യമുണ്ടെന്ന് വിലയിരുത്തിയ കോടതി, അഡ്വ. പാർവതി മേനോനെ അമികസ്ക്യൂറിയായി നിയോഗിച്ചു. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

ലുധിയാനയിലെ നിഷ്‌കാം സേവാ ആശ്രമത്തിൽനിന്ന് ദത്തെടുത്ത പെൺകുട്ടിയെ ദത്ത് റദ്ദാക്കി തിരിച്ചുനൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ റിട്ട. സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇവരുടെ ഏക മകൻ 2017 ജനുവരി 14ന് 23ാം വയസ്സിൽ കാറപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് 2018 ഫെബ്രുവരി 16ന് പെൺകുട്ടിയെ ദത്തെടുത്തത്. എന്നാൽ, പെൺകുട്ടിക്ക് തങ്ങളെ മാതാപിതാക്കളായി കാണാൻ കഴിയുന്നില്ലെന്ന് ഹരജിയിൽ പറയുന്നു.

ഒത്തുപോവില്ലെന്ന് വന്നതോടെ കുട്ടിയെ 2022 സെപ്റ്റംബർ 29ന് തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കി. ദത്ത് റദ്ദാക്കി കുട്ടിയെ ലുധിയാനയിലേക്ക് വിടാൻ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ, ദത്തെടുക്കൽ വ്യവസ്ഥ പ്രകാരം നടപടി സ്വീകരിക്കാൻ നിർദേശിച്ചു.

കേന്ദ്രസർക്കാർ ഈ വർഷം പരിഷ്കരിച്ച നിയമപ്രകാരം ദത്തെടുക്കൽ റദ്ദാക്കാൻ നടപടികൾക്കായി കലക്ടർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. തിരിച്ചെടുക്കാൻ ലുധിയാനയിലെ ആശ്രമം അധികൃതരും തയാറാകാതെ വന്നതോടെയാണ് വീണ്ടും ഹരജി നൽകിയത്.

ഹൈകോടതി നിർദേശപ്രകാരം തിരുവനന്തപുരം ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെ പ്രതിനിധി പെൺകുട്ടിയെക്കണ്ട് സംസാരിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ദത്ത് റദ്ദാക്കാനും കുട്ടിയെ സംരക്ഷിക്കാനുമൊക്കെ ശിശുക്ഷേമ സമിതി മുഖേനയാണ് നടപടികൾ വേണ്ടതെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയായ സാഹചര്യത്തിൽ ശിശുക്ഷേമ സമിതിക്ക് ഇടപെടാൻ നിയമപരമായി കഴിയില്ലെന്ന് കോടതി പറഞ്ഞു.

സദർഹോമിലാണ് ഇപ്പോൾ കുട്ടി കഴിയുന്നത്. ദത്തെടുത്തവർക്ക് വേണ്ടെന്ന് വെക്കാമെങ്കിലും കോടതിക്ക് അവളെ കൈവിടാനാവില്ല. ചെറിയ കുഞ്ഞുങ്ങൾപോലും സുരക്ഷിതരല്ലാത്ത കാലത്ത് പ്രായപൂർത്തിയായ ഒരു പെൺകുട്ടിയെ എങ്ങനെ ഉപേക്ഷിക്കാനാവുമെന്നും കോടതി വാക്കാൽ ചോദിച്ചു.

Tags:    
News Summary - Demand for return of adopted daughter cannot be accepted - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.