കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ രോഗിക്ക് വരാന്തയിൽ പ്രസവം. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. 51ാം വാർഡിൽ പ്രസവവേദന വന്ന യുവതിയെ ലേബർറൂമിൽ എത്തിക്കുന്നതിനു മുമ്പ് വരാന്തയിൽ പ്രസവം നടക്കുകയായിരുന്നു.
ഗർഭിണിക്ക് ഞായറാഴ്ച രാവിലെ മുതൽ പ്രസവ വേദനക്കുള്ള മരുന്ന് നൽകിയിരുന്നു. വെരിക്കോസ് വെയിൻ അസുഖമുള്ള യുവതി പ്രസവത്തിന് 15 ദിവസം മുമ്പ് തന്നെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രോഗിക്ക് രാത്രി എട്ടോടെ വേദന അനുഭവപ്പെട്ടു. കൂട്ടിരിപ്പുകാർ ഡ്യൂട്ടി നഴ്സിനെ അറിയിച്ചു.
ഒരു നഴ്സ് മാത്രമാണ് ആസമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. അറ്റൻഡർമാർ വീൽച്ചെയറുമായി വന്നെങ്കിലും രോഗിക്കു അതിൽ ഇരിക്കാൻ സാധിക്കുമായിരുന്നില്ല. പിന്നീട് സ്ട്രച്ചറുമായി എത്തി ലേബർ റൂമിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ വാർഡിന്റെ വരാന്തയിലെത്തിച്ചപ്പോഴേക്കും പ്രസവം നടക്കുകയായിരുന്നു.
ഈ സമയം ഡോക്ടർ അടുത്തില്ലായിരുന്നുവെന്ന് വാർഡിലെ കൂട്ടിരിപ്പുകാർ പറഞ്ഞു. മറ്റുരോഗിയുടെ കൂടെ നിൽക്കുന്ന കൂട്ടിരിപ്പുകാരാണ് പ്രസവം എടുത്തത്. ഈ സമയം ലിഫ്റ്റ് പ്രവർത്തിക്കാത്തതും പ്രതിസന്ധിക്കിടയാക്കി. റാംപ് വഴിയാണ് ഗർഭിണിയെയും കുഞ്ഞിനെയും സ്ട്രച്ചറിൽ നാലാം നിലയിൽ നിന്ന് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ലേബർ റൂമിൽ എത്തിച്ചത്.
പ്രത്യേക പരിചരണം ആവശ്യമുള്ള രോഗിയെ ആരോഗ്യ സ്ഥിതി പരിഗണിച്ച് നേരത്തേതന്നെ ലേബർ റൂമിലേക്ക് മാറ്റാത്തതാണ് പ്രശ്നത്തിനിടയാക്കിയത്. മാതാവിനും കുട്ടിക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് പരാതിപ്പെടാൻ രോഗിയുടെ ബന്ധുക്കൾ തയാറായിട്ടില്ല.
വെരിക്കോസ് വെയിൻ അസുഖമുള്ള ഗർഭിണിക്ക് പ്രസവ വേദന വന്ന ഉടനെതന്നെ പ്രസവം നടക്കുകയായിരുന്നെന്നാണ് ഇതു സംബന്ധിച്ച് മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുൺ പ്രീതിന്റെ പ്രതികരണം. യുവതിയുടെ മൂന്നാമത്തെ പ്രവസമാണ്.
കുഞ്ഞിന് ഭാരവും കുറവായിരുന്നു. ഇക്കാരണങ്ങൾകൊണ്ട് വേദന വന്ന ഉടൻ പ്രസവം നടന്നു. മാത്രമല്ല മഴയിൽ ആശുപത്രിയുടെ തറനിലയിൽ അടക്കം വെള്ളം കയറുന്നതിനാൽ ഈ സമയം ലിഫ്റ്റ് ഓഫ് ചെയ്തിരുന്നു. റാംപ് വഴി രോഗിയെ താഴെ എത്തിക്കാനും സമയമെടുത്തു.
മഴ ശക്തമായാൽ ലിഫ്റ്റ് പിറ്റിൽ വെള്ളം നിറയൽ പതിവാണ്. അതിനാൽ ഇത്തരം സമയങ്ങളിൽ ഷോർട്ട് സർക്യൂട്ട് അടക്കമുള്ള അപകട സാധ്യത മൂൻകൂട്ടിക്കണ്ട് ലിഫ്റ്റ് ഓഫ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സംഭവം സമയം ഒരു അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ഡോക്ടർമാരോ നഴ്സുമാരോ വാർഡിൽ ഉണ്ടായിരുന്നില്ലെന്ന് കൂട്ടിരിപ്പുകാർ പറഞ്ഞു. നഴ്സുമാരുടെ എണ്ണം കുറവായതിനാൽ 90-100 രോഗികളെ അഡ്മിറ്റ് ചെയ്യുന്ന വാർഡുകളിൽ ഒരു നഴ്സ് മാത്രമാണ് ഒരു ഷിഫ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടാവുക.
രോഗികളുടെ പരിചരണത്തിനു പുറമേ നിരവധി ക്ലറിക്കൽ ജോലികളും നഴ്സുമാർക്ക് പൂർത്തിയാക്കാനുണ്ടാവും. നഴ്സസ് റിപ്പോർട്ട്, ഡിസ്ചാർജ് സമ്മറി, ഇൻഫെക്ഷൻ കൺട്രോൾ പാക്കേജ്, വിവിധ അംഗീകാരങ്ങൾക്കുള്ള രജിസ്റ്റർ എന്നിവയെല്ലാം പൂരിപ്പിക്കേണ്ടതും അതത് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന നഴ്സുമാരാണ്.
മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ 251 നഴ്സുമാരിൽ മറ്റേണിറ്റി അവധിയിൽ പോയ 12പേർ അടക്കം 15 പേർ ദീർഘകാല അവധിയിലാണ്. ചട്ടപ്രകാരം നാലു രോഗികൾക്ക് ഒരു നഴ്സ് എന്നാണ് കണക്ക് എങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിൽ 60 രോഗികൾക്ക് ഒരു നഴ്സ് അനുപാതത്തിലാണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.