അപേക്ഷകളില്‍ പരിഹാരം വൈകിപ്പിക്കുന്നത് മറുപടി നിഷേധിക്കുന്നതിന് തുല്യം- ഗോത്രവർഗ കമീഷന്‍

കൽപ്പറ്റ: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അപേക്ഷകളില്‍ പരിഹാരം വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമെന്ന് പട്ടികജാതി-ഗോത്രവർഗ കമീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍. കലക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ഗോത്രവർഗ കമീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍.

വ്യത്യസ്ത വകുപ്പുകളുടെ സമന്വയത്തിലൂടെയുള്ള പരിഹാരമാണ് അദാലത്തില്‍ ഉറപ്പാക്കിയത്. നിരാലംബരായ ദുര്‍ബല വിഭാഗക്കാരുടെ പ്രശ്ന പരിഹാരമാണ് അദാലത്തിലൂടെ കമീഷണന്‍ ലക്ഷ്യമാക്കുന്നതെന്നും പരാതികളുടെ അടിസ്ഥാനം കൃത്യമായി മനസിലാക്കി ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി ഓരോ പരാതികളും തീര്‍പ്പാക്കണമെന്നും കമീഷന്‍ അംഗം ടി.കെ വാസു പറഞ്ഞു.

പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉന്നതികളില്‍ നിന്നും അതിര്‍ത്തി ജില്ലകളിലേക്ക് കൃഷിയാവശ്യത്തിനായി ആളുകളെ കൊണ്ടുപോവുകയും ദുരൂഹ സാഹചര്യങ്ങളില്‍ തൊഴിലാളികളെ കാണാതാവുക, മരണപ്പെടുന്നത് സംബന്ധിച്ച് കമീഷന്‍ മുമ്പാകെ ലഭിച്ച പരാതി അതീവ ഗൗരവമേറിയതാണെന്നും കമീഷന്‍ അറിയിച്ചു.

തൊഴിലിടങ്ങളിലേക്ക് ഉന്നതികളിലെ ആളുകളെ കൊണ്ടുപോകുന്ന സ്വകാര്യ ഏജന്‍സികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിനുമ്പൊലീസിനും കമീഷന്‍ നിര്‍ദേശം നല്‍കി. ആളുകളുടെ കടത്തുമായി ബന്ധപ്പെട്ട് കമീഷന്‍ പഠനം നടത്തി സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സുഗന്ധഗിരി തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയില്‍ പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ കമീഷന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

അദാലത്തില്‍ 52 പരാതികളാണ് പരിഗണിച്ചത്. 45 പരാതികള്‍ കമീഷന്‍ പരിഹരിച്ചു. ഏഴ് പരാതികള്‍ നടപടികള്‍ക്കായി കൈമാറി. റവന്യൂ വകുപ്പില്‍ 16, പൊലീസില്‍ 15, പഞ്ചായത്ത് - നഗരസഭകളില്‍ മൂന്ന്, വനം വകുപ്പില്‍ മൂന്ന്, വിവിധ വകുപ്പുകളിലായി 15 വീതം പരാതികളാണ് കമീഷന്‍ മുമ്പാകെ ലഭിച്ചത്. പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരണപ്പെട്ട രാധയുടെ വീട് കമീഷന്‍ സന്ദര്‍ശിച്ചു.

നെന്മേനി ഗ്രാമപഞ്ചായത്തിലെ അമ്പലക്കുന്ന് ഉന്നതി കമീഷന്‍ ചെയര്‍മാനും സംഘവും ബുധനാഴ്ച സന്ദര്‍ശിക്കും. കലക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന അദാലത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ പി.ജെ കുര്യന്‍, ജില്ലാ പട്ടികവർഗ ഓഫീസര്‍ ജി. പ്രമോദ്, ജില്ലാ പട്ടികജാതി ഓഫീസര്‍ സരിന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

Tags:    
News Summary - Delay in disposal of applications is tantamount to denial of reply- Tribal Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.