വീട്ടിലേക്ക് ടോർച്ച് തെളിച്ചതിന് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

കൊട്ടാരക്കര (കൊല്ലം): വീട്ടിലേക്ക് ടോർച്ച് തെളിച്ചെന്നാരോപിച്ച് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചിതറ ചിറവൂർ മുനിയിരുന്ന കാലയിൽ തോട്ടിൻകര വീട്ടിൽ അശോക് കുമാറിനെ (43) കൊലപ്പെടുത്തിയ കേസിൽ ചിറവൂർ തടത്തിവിള വീട്ടിൽ അബ്​ദുറഹ്​മാൻ (67) ആണ്​ ശിക്ഷിക്കപ്പെട്ടത്.

കൊട്ടാരക്കര പട്ടികജാതി-വർഗ അതിക്രമം തടയൽ പ്രത്യേക കോടതി ജഡ്ജി ഹരി ആർ. ചന്ദ്രനാണ് ശിക്ഷ വിധിച്ചത്. 2017 ഏപ്രിൽ 23ന് രാത്രി 9.30നായിരുന്നു സംഭവം. പ്രതിയും അശോക് കുമാറിന്‍റെ വീട്ടുകാരും വസ്തുതർക്കത്തെ തുടർന്ന് ശത്രുതയിലായിരുന്നു.

സംഭവ ദിവസം തന്‍റെ വീട്ടിലേക്ക് ടോർച്ച് തെളിച്ചെന്നാരോപിച്ച് അബ്​ദുറഹ്​മാൻ, അശോക് കുമാറിനെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. തലയിലും കഴുത്തിലും നെഞ്ചിലും കൈകളിലും വെട്ടേറ്റ അശോക് കുമാർ തൽക്ഷണം മരിച്ചു.

കടയ്ക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ദൃക്​സാക്ഷികൾ ഇല്ലാതിരുന്നത് പ്രോസിക്യൂഷന് വെല്ലുവിളിയായിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ നടത്തിയ ശക്തമായ വാദമുഖങ്ങളാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്​ പ്രോസിക്യൂട്ടർ ജി.എസ്. സന്തോഷ് കുമാർ ഹാജരായി. കടയ്ക്കൽ സി.ഐ.എസ്. സാനി പ്രാഥമികാന്വേഷണം നടത്തിയ കേസിൽ പുനലൂർ അസി. പൊലീസ് സൂപ്രണ്ട് ജി. കാർത്തികേയനാണ് കുറ്റപത്രം സമർപ്പിച്ചത്.

Tags:    
News Summary - Defendant sentenced to life in prison for stabbing neighbor to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.