‘എഫ്.സി.ആർ.എയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് പറയും’; പി.സി. ജോർജിനും മകനും മറുപടിയുമായി ദീപിക

കോട്ടയം: കത്തോലിക്ക സഭക്കെതിരെ ആഞ്ഞടിച്ച എൻ.ഡി.എ സ്ഥാനാർഥികളായ മുൻ ചീഫ് വിപ്പ് പി.സി. ജോർജിനും മകൻ ഷോൺ ജോർജിനും പരോക്ഷ മറുപടിയുമായി ദീപിക മുഖപത്രം. എഫ്.സി.ആർ.എയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി എത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് പറയുമെന്നും ഇനിയും പറയേണ്ടിവരുമെന്നും രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മെത്രാന്മാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും ഒരു ബഹുമാനവും കാണിക്കില്ലെന്നും വ്യക്തമാക്കിയ പൂഞ്ഞാറിലെ സ്ഥാനാർഥി ജോർജ്, അവർക്കെതിരെ അധിക്ഷേപ പരാമർശങ്ങളും നടത്തിയിരുന്നു. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ടെന്നും ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നതെന്നുമായിരുന്നു ഷോണിന്‍റെ പരാമർശം. ‘അധികാര മുഷ്കിൽ മനുഷ്യത്വത്തിന്‍റെ കഴുത്ത് ഞെരിക്കാൻ ശ്രമിച്ച നിരവധി പ്രേതങ്ങൾ ചരിത്രത്തിലുടനീളം ആട്ടും തുപ്പുമേറ്റ് കിടപ്പുണ്ട്. ലെയോ പാപ്പ ക്രൈസ്തവർക്കുവേണ്ടി മാത്രമല്ല തലയുയർത്തിയത്; എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻ വേണ്ടിയാണ്. മനുഷ്യവംശത്തിന്‍റെ നിലനിൽപ്പിനുവേണ്ടിയാണ്. അതിന് കേരളത്തിലും പ്രസക്തിയുണ്ട്. എല്ലാവര്‍ക്കും വേണ്ടിയാണെന്ന് പറഞ്ഞു പാസാക്കുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടിയ ഉദാഹരണങ്ങൾ നിലനിൽക്കെ, എഫ്.സി.ആർ.എയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി എത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും ഇതുതന്നെ നിലപാട്. ഇനിയും പറയേണ്ടി വരും. രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്’ -മുഖപ്രസംഗത്തിൽ പറയുന്നു.

വിവാദങ്ങൾക്കിടയിലും ജോർജിനെയും മകനെയും ഇതുവരെ ബി.ജെ.പി തള്ളിപ്പറഞ്ഞിട്ടില്ല. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യാൻ പറഞ്ഞതായി ജോർജ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ‘‘മര്യാദയാണോ കാണിച്ചത്. അതുപറയാൻ അയാൾക്കെന്താണ് അവകാശം?. പൂഞ്ഞാറിലെ സ്ഥാനാർഥികളിൽ സഭക്ക് എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടെങ്കിൽ അതു ഞാനാണ്. എന്ത് കിട്ടിയിട്ടാണു നാണംകെട്ടവർ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നത്?. സഭയെയും മെത്രാന്മാരെയും തള്ളിപ്പറയേണ്ടിവരും. ബോധവും വിവരവുമില്ലാത്തവരാണ് അവർ’’-രോഷാകുലനായി ജോർജ് പറഞ്ഞു.

‘‘എഫ്.സി.ആർ.എ ബിൽ വരും. വിദേശത്തുനിന്ന് പണം വാങ്ങുന്നതിന്റെ കണക്ക് നൽകിയാൽ എന്താണ് കുഴപ്പം?. എന്നിട്ടും കത്തോലിക്ക സഭയല്ലേ, ക്രിസ്ത്യാനിയല്ലേ എന്നു വിചാരിച്ച് എന്തു കണക്ക് തന്നാലും അപ്രൂവ് ചെയ്യാമെന്ന് അമിത് ഷാ അവരോടു പറഞ്ഞതാണ്. എന്നിട്ടും എന്തിനാണ് ഇവന്മാർ കുരയ്ക്കുന്നത്?. ദീപിക പത്രം വായിക്കുന്നവനു വട്ടാണ്. മെത്രാന്മാരല്ല സഭ. ഇവർ പറയുന്നത് മുഴുവൻ കേട്ടുനിൽക്കാനാവില്ല. മെത്രാന്മാർ ഊളത്തരം കൊണ്ടുനടക്കരുത്. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട. പണ്ടായിരുന്നു മെത്രാനും കുത്രാനും പറയുന്നവർക്ക് ജനം വോട്ട് ചെയ്തിരുന്നത്. ഇപ്പോൾ അതിന് ആരെയും കിട്ടില്ല’’-ജോർജ് തുടർന്നു. പൂഞ്ഞാറിൽ 20,000 വോട്ടിനു ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കത്തോലിക്ക സഭക്ക് ബി.ജെ.പി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റും പാലായിലെ സ്ഥാനാർഥിയുമായ ഷോൺ ജോർജ് വ്യക്തമാക്കി. ‘‘ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്. ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്. കെ.സി. വേണുഗോപാലിനെയും ജോസ് കെ. മാണിയെയുംകൊണ്ട് സഭക്ക് എന്ത് പ്രയോജനമുണ്ടായി? എഫ്.സി.ആർ.എ ബിൽ മാറ്റിവെച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമാണ്. സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്നുവെക്കേണ്ടിവരും’’-ഷോൺ ജോർജ് പറഞ്ഞു. അതേസമയം, ബിഷപ്പുമാർക്കെതിരായ പി.സി. ജോർജിന്‍റെ പരാമർശങ്ങളോടു യോജിക്കുന്നില്ലെന്നും ഷോൺ വ്യക്തമാക്കി.

പി.സി. ജോര്‍ജിനെപോലുള്ള കോമരങ്ങള്‍ മാനക്കേട് -കത്തോലിക്ക കോണ്‍ഗ്രസ്

കാഞ്ഞിരപ്പള്ളി: രാഷ്ട്രീയ പ്രവര്‍ത്തനം ആര്‍ക്കുമെതിരെ എന്തും വിളിച്ചുപറയാനുള്ള ലൈസൻസല്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെ തികച്ചും വ്യാജ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വിളിച്ചുപറഞ്ഞ പി.സി. ജോര്‍ജിന്റെ നിലപാട് അത്യന്തം അപലപനീയമാണ്. അവസരവാദപരമായി തന്റെ ഇഷ്ടത്തിനും ആവശ്യങ്ങള്‍ക്കുമനുസരിച്ച് സഭയെ താറടിച്ചുകാണിക്കൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ പത്രക്കാര്‍ക്ക് മുന്നില്‍ വിളിച്ചുപറയുന്നത് അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയാണ്. സഭയുടെ ഉടമസ്ഥാവകാശം തന്റേതെന്ന മട്ടിലാണ് സംസാരരീതി. ഇത് നീതിക്ക് നിരക്കുന്നതല്ല. പി.സി. ജോര്‍ജിനെ പോലുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേടാണ്. മാന്യതയുള്ള രാഷ്ട്രീയക്കാര്‍ക്ക് മുഴുവന്‍ നാണക്കേടാണ്. ഇനിയും ഇത് തുടരാനാണ് ഭാവമെങ്കില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Deepika responds to PC George and his son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.