പൊലിസ് വകുപ്പില്‍ 190 പൊലിസ് കോണ്‍സ്റ്റബിള്‍-ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: പൊലിസ് വകുപ്പില്‍ 190 പൊലിസ് കോണ്‍സ്റ്റബിള്‍-ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ യോ​ഗം തീരുമാനിച്ചു. 2018,2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ വീടും, കാലിത്തൊഴുത്തും തകര്‍ന്ന ഇടുക്കി മേലെച്ചിന്നാര്‍ സ്വദേശി ജിജി. ടി.ടിക്ക് 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. വസ്തു വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള 6 ലക്ഷം രൂപയും വീട് വെക്കുന്നതിന് ദുരന്ത പ്രതികരണ നിധി മാനദണ്ഡപ്രകാരമുള്ള 4 ലക്ഷം രൂപയും ചേര്‍ത്താണ് (SDRF - 1,30,000, CMDRF - 2,70,000) 10 ലക്ഷം രൂപ അനുവദിച്ചത്.

കാസര്‍ഗോഡ്, വയനാട് വികസന പക്കേജുകളില്‍പ്പെടുന്ന താഴെപ്പറയുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. ബന്തടുക്ക - വീട്ടിയാടി - ചാമുണ്ഡിക്കുന്ന് - ബളാംന്തോഡ് റോഡ് - 8.50 കോടി രൂപ. പെരിയ - ഒടയഞ്ചാല്‍ റോഡ് - ആറ് കോടി രൂപ. ചാലിങ്കാല്‍ - മീങ്ങോത്ത- അമ്പലത്തറ റോഡ് - 5.64 കോടി രൂപ. വയനാട് പാക്കേജിൽ ശുദ്ധമായ പാല്‍ ഉല്‍പാദനം/ ശുചിത്വ കിറ്റ് വിതരണം - 4.28 കോടി രൂപ.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാമിന് ക്യാബിനറ്റ് പദവി നൽകും. കേരള ബാങ്കിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോര്‍ട്ടി എം. ചാക്കോയെ നിയമിക്കാന്‍ തീരുമാനിച്ചു. നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് നിയമനം.

കേരള സ്റ്റേറ്റ് ഐ.ടി മിഷനില്‍ ഹെഡ് ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ച് തസ്തികയിലേക്ക് എസ്. സനോപ് കെ.എ എസിനെ ഒരു വര്‍ഷത്തേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്കൂളില്‍ നിലവിലുള്ള, നിശ്ചിത യോഗ്യതയുള്ളതും, പ്രായപരിധിയ്ക്കകത്തുള്ളതുമായ 6 ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ സീതാറാം ടെക്സ്റ്റൈല്‍സിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ 1958 മുതല്‍ താമസിച്ചു വരുന്ന ആറ് കുടുംബങ്ങളിലെ നിയമാനുസൃത അവകാശികള്‍ക്ക് സ്ഥലം വിട്ടുനല്‍കുന്നതിന് അനുമതി നല്‍കി. വ്യവസ്ഥകള്‍ക്ക് വിധേയമായി വില ഈടാക്കിക്കൊണ്ടാണ് ഭൂമി വിട്ടുനല്‍കുന്നത്.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു. മുന്‍സിഫ് മജിസ്ട്രേറ്റ് തസ്തികയിലേക്കുള്ള നിയമനത്തില്‍ വിമുക്ത ഭടന്മാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് നല്‍കാന്‍ തീരുമാനിച്ചു.1991ലെ കേരള ജ്യുഡീഷ്യല്‍ സർവീസ് ചട്ടം ഭേദഗതി ചെയ്താണ് തീരുമാനം.

Tags:    
News Summary - Decision to create 190 Police Constable-Driver posts in the Police Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.