കോവളം: മത്സരയോട്ടത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ അപകടം നടന്ന സ്ഥലത്ത് മോട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. നെയ്യാറ്റിൻകര ജോയന്റ് ആർ.ടി.ഒ, സന്തോഷിന്റെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.വി. കൃഷ്ണകുമാർ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് എന്നിവരടങ്ങിയ സംഘമാണ് തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ അപകട സ്ഥലമായ വിഴിഞ്ഞം മുക്കോല ഭാഗത്ത് പരിശോധനക്കെത്തിയത്.
ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് അപകടം നടന്നത്. മത്സരയോട്ടത്തിൽ ഏർപ്പെട്ട രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഭാഗികമായി നിർമാണം പൂർത്തിയായ ബൈപാസിന്റെ പല ഭാഗങ്ങളിലും ബൈക്ക് റേസിങ് സംഘങ്ങളുടെ മത്സരയോട്ടം പതിവാണ്. ഇത്തരം സംഘങ്ങളുടെ മരണപ്പാച്ചിൽ മറ്റ് വാഹനയാത്രക്കാരെയും അപകടത്തിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രദേശവാസികൾ ഉദ്യോഗസ്ഥരെ അറിയിച്ചു.
അപകടകരമായും അനധികൃതമായും മത്സരയോട്ടം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരക്കാരുടെ വാഹന നമ്പർ അടക്കമുള്ള ചിത്രങ്ങൾ മോട്ടർ വാഹന വകുപ്പിന്റെ 8547639020 എന്ന വാട്സ്ആപ് നമ്പറിൽ പൊതുജനങ്ങൾക്കും അയക്കാമെന്നും അങ്ങനെ ലഭിക്കുന്ന ചിത്രങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ജോയന്റ് ആർ.ടി.ഒ സന്തോഷ് പറഞ്ഞു.
സ്ഥലപരിശോധനക്കുശേഷം ഉദ്യോഗസ്ഥർ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി എസ്.എച്ച്.ഒ പ്രജീഷ് ശശിയുമായും ചർച്ച നടത്തി. അപകട സാഹചര്യവും സ്ഥലപരിശോധനയുമടക്കമുള്ള വിശദവിവരമുൾപ്പെട്ട റിപ്പോർട്ട് നെയ്യാറ്റിൻകര ആർ.ടി.ഒ കെ. ജോഷി, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വി. സാജൻ എന്നിവർക്ക് ഇന്നലെ വൈകീട്ടോടെ നൽകിയതായും ജോയന്റ് ആർ.ടി.ഒ അറിയിച്ചു.
വിഴിഞ്ഞം: അപകടങ്ങൾ തുടർക്കഥ ആകുമ്പോൾ അടച്ചിട്ടിരിക്കുന്ന എൻ.എച്ച് റോഡ് തുറന്നുനൽകണമെന്ന ആവശ്യം ശക്തം. വാഹന ഗതാഗതം ആരംഭിച്ചാൽ ഒരു പരിധിവരെ ഈ റോഡിലെ ന്യൂ ജെൻ അഭ്യാസങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
ലഹരി മാഫിയയുടെ കൂടെ താവളമായി ഇവിടം മാറുകയാണ്. ഇതു തടയാൻ പൊലീസ് പട്രോളിങ് വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നിലവിൽ കോവളം ജങ്ഷനിൽനിന്ന് പുതിയ എൻ.എച്ച് റോഡിലേക്കുള്ള പാത അടച്ചിരിക്കുകയാണ്. അതിനാൽ സർവിസ് റോഡുകളിൽനിന്ന് എൻ.എച്ചിലേക്ക് കയറുന്ന വാഹനങ്ങൾ പലപ്പോഴും തോന്നിയപോലെയാണ് പോകുന്നത്. ഇതിനാൽ ഒരു ദിശയിൽ മാത്രം പോകാൻ ഉപയോഗിക്കേണ്ട റോഡിൽ ഇരുദിശകളിലും വാഹനങ്ങൾ ചീറിപ്പായുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം.
സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ ഫോട്ടോയും വിഡിയോയും പകർത്താനാണ് ഈ റോഡ് ന്യൂജെൻ സംഘങ്ങൾ തെരഞ്ഞെടുക്കുന്നത്. നിർമാണം പൂർത്തിയാകാത്തതിനാൽ ഇവിടെ തെരുവു വിളക്കുകൾ ഇല്ല എന്നത് ലഹരി മാഫിയക്ക് ഗുണകരമാകുന്നു.
നിർമാണം പൂർത്തിയായ സ്ഥലം വരെ വാഹന ഗതാഗതത്തിനുവേണ്ടി തുറന്നു നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുറമെ, കൃത്യമായ ഇടവേളകളിൽ പൊലീസ് പട്രോളിങ് കൂടി ഉണ്ടായാൽ ഒരു പരിധിവരെ ഇവിടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.