സ്ഥാനാര്‍ഥികളുടെ മരണം: മാറ്റിവെച്ച തെരഞ്ഞെടുപ്പ് മൂന്നുമാസത്തിനകം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് മൂന്നിടത്ത് മാറ്റിവെച്ച തദ്ദേശ തെരഞ്ഞെടുപ്പുകള്‍ മൂന്നുമാസത്തിനകം നടത്തും. നിലവിലെ തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷം തെരഞ്ഞെടുപ്പ് കമീഷന്‍ ഇതിന് വിജ്ഞാപനമിറക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പത്താംവാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.എസ്. ബാബു, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാര്‍ഡിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഹസീന എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

എന്നാല്‍, മുത്തേടം, പാമ്പാക്കുട പഞ്ചായത്ത് വാര്‍ഡുകളിലെ വോട്ടര്‍മാര്‍ ബ്ലോക്ക്-ജില്ല പഞ്ചായത്തുകളിലേക്ക് വോട്ട് ചെയ്യണം. ഗ്രാമപഞ്ചായത്തിലേക്കു മാത്രമാണ് പിന്നീട് വോട്ട് രേഖപ്പെടുത്തേണ്ടത്. കോര്‍പറേഷനില്‍ ഒരു വോട്ട് മാത്രമായതിനാല്‍ വിഴിഞ്ഞത്ത് തെരഞ്ഞെടുപ്പ് പൂര്‍ണമായി മാറ്റി. പാമ്പാക്കുടയില്‍ ബ്ലോക്ക്, ജില്ല പഞ്ചായത്ത് വാര്‍ഡുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. മാറ്റിവെച്ച സ്ഥലങ്ങളില്‍ ഫെബ്രുവരിയില്‍ വോട്ടെടുപ്പുനടക്കാനാണ് സാധ്യത.

വോട്ടെടുപ്പിന് തൊട്ടുമുമ്പുവരെ സ്ഥാനാര്‍ഥിയുടെ മരണം സംഭവിച്ചാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കും. എന്നാല്‍, തെരഞ്ഞെടുപ്പ് തുടങ്ങുന്ന ഏഴു മണിക്കുശേഷം സ്ഥാനാര്‍ഥി മരിച്ചാല്‍ വോട്ടെടുപ്പ് നടക്കും. മരിച്ച സ്ഥാനാര്‍ഥി ജയിച്ചാല്‍ മാത്രമാകും ഇത്തരം സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ഉള്‍പ്പെടെ മരിച്ചാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമെങ്കിലും നിയമസഭ-ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ പ്രധാനമായി മത്സര രംഗത്തുള്ളവര്‍ മരിച്ചാല്‍ മാത്രമേ വോട്ടെടുപ്പ് മാറ്റിവെക്കുകയുള്ളൂ.

Tags:    
News Summary - Death of candidates: Postponed elections to be held within three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.