തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സ യഥാസമയം ലഭിച്ചില്ലെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ആവർത്തിച്ച് അധികൃതർ. ഇതുസംബന്ധിച്ച് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. കൊല്ലം പന്മന സ്വദേശി വേണുവാണ് (48) ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സുഹൃത്തിന് ശബ്ദസന്ദേശമയച്ച് മണിക്കൂറുകൾക്കകം മരിച്ചത്.
അത്യാഹിത വിഭാഗത്തിൽ എത്തിയ രോഗിയെ വാർഡിലേക്ക് മാറ്റിയതിന് പിന്നാലെ ഹൃദ്രോഗികൾക്ക് നൽകുന്ന രക്തം കട്ടപിടിക്കാതിരിക്കാനുള്ള ‘ഹെപ്പാരിൻ’ മരുന്ന് നൽകി. ആവശ്യമായ പരിശോധനകളെല്ലാം നടത്തി. നെഞ്ചുവേദയുണ്ടായി 24 മണിക്കൂറിന് ശേഷമാണ് രോഗി എത്തിയത്. ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സ്വീകരിച്ചെന്നാണ് കാർഡിയോളജി ഡോക്ടർമാരുടെ വിശദീകരണം.
നൽകിയ മരുന്നുകളുടെ വിവരങ്ങൾ സഹിതമുള്ള റിപ്പോർട്ട് കാർഡിയോളജി മേധാവി മാത്യു ഐപ്പ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡി.എം.ഇ) വിശ്വനാഥന് നൽകി. പരാതി ഉയർന്നതിന് പിന്നാലെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡി.എം.ഇയെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. റിപ്പോർട്ട് ഉടൻ മന്ത്രിക്ക് കൈമാറും.
അതേസമയം, യൂനിഫോമിട്ടവർ നായയെ നോക്കുന്ന പരിഗണന പോലും നൽകുന്നില്ലെന്നും ചോദിച്ചാൽ ഒന്നും പറയില്ലെന്നും രോഗി ആരോപിച്ച സാഹചര്യങ്ങളിൽ തിരുത്തൽ വേണമെന്ന വിലയിരുത്തലും മന്ത്രിക്ക് നൽകുന്ന റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. രോഗികളോട് കാരുണ്യത്തോടെ പെരുമാറാൻ പലപ്പോഴും ചില ജീവനക്കാർക്ക് കഴിയുന്നില്ല. ഇത് ആശുപത്രിയെക്കുറിച്ച് പൊതുവായി തെറ്റായ ധാരണ ഉണ്ടാക്കുന്നു. ഇക്കാര്യങ്ങളിൽ ജീവനക്കാർ ജാഗ്രത പുലർത്തണമെന്ന പൊതുവികാരമാണ് അധികൃതർക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.