നെട്ടൂർ (െകാച്ചി): കോൺക്രീറ്റ് ചെയ്ത് അടച്ച് കായലിൽ തള്ളിയ വീപ്പക്കുള്ളിൽ യുവതിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒരു വർഷത്തോളമായി കുമ്പളം ശാന്തിവനം ശ്മശാനത്തോട് ചേർന്ന് കായൽതീരത്ത് കണ്ട പ്ലാസ്റ്റിക് വീപ്പ രണ്ടുമാസം മുമ്പ് കരയിൽ കയറ്റിയിരുന്നെങ്കിലും സംശയത്തെ തുടർന്ന് തിങ്കളാഴ്ചയാണ് പൊലീസ് എത്തി കോൺക്രീറ്റ് തകർത്ത് പരിശോധിച്ചത്. മൃതദേഹം പൂർണമായും ജീർണിച്ച് തലയോട്ടിയും അസ്ഥികൂടവുമാണ് അവശേഷിച്ചത്. നീളമുള്ള മുടിയും കണ്ടെത്തി.
വെള്ളി അരഞ്ഞാണം, വസ്ത്രാവശിഷ്ടം എന്നിവയിൽ നിന്നാണ് മൃതദേഹം സ്ത്രീയുടേതെന്ന നിഗമനത്തിൽ െപാലീസെത്തിയത്. വീപ്പക്കുള്ളിൽനിന്ന് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ പഴയ രണ്ട് 500 രൂപ നോട്ടുകളും100 രൂപ നോട്ടും ലഭിച്ചു. 20 വയസ്സിനുമുകളിൽ പ്രായമാണ് കണക്കാക്കുന്നത്. രണ്ടുമാസം മുമ്പ് ഇതിനടുത്ത നെട്ടൂർ കായലിൽ കൈകാലുകൾ ബന്ധിച്ച് ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ യുവാവിെൻറ ജഡം കണ്ടെത്തിയിരുന്നു. ഇൗ മൃതദേഹവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുസംഭവങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
അന്ന് വെള്ളത്തിൽ താഴ്ത്താൻ ചാക്കിൽ ഉപയോഗിച്ചിരുന്ന മതിൽ പൊളിച്ചതിേൻറതിന് സമാനമായ കോൺക്രീറ്റ് ഭാഗം തന്നെയാണ് ഇപ്പോൾ വീപ്പയുടെ മുകളിലും കണ്ടത് എന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. കായൽ തീരത്തോട് ചേർന്ന് ചെളിയിൽ ഉറച്ച നിലയിലായിരുന്നു മാസങ്ങൾക്ക് മുമ്പ് മത്സ്യ തൊഴിലാളികൾ വീപ്പ കണ്ടത്. സംശയം േതാന്നി കുത്തിനോക്കുകയും മറ്റും ചെയ്തതല്ലാതെ കൂടുതൽ പരിശോധനക്ക് ആരും തയാറായില്ല. പിന്നീട് തീരത്തോട് ചേർന്ന ഒഴിഞ്ഞ പറമ്പിലെ കാന ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ വീപ്പ കരയിലേക്ക് മാറ്റി. ദിവസങ്ങൾ കഴിഞ്ഞിട്ടും ദുർഗന്ധം വമിക്കുന്നതും വീപ്പക്കുള്ളിൽനിന്ന് എണ്ണ പോലെ ദ്രാവകം പുറത്തേക്ക് വരുന്നതുമാണ് കൂടുതൽ സംശയത്തിന് ഇടയാക്കിയത്്.
കമീഷണർ എം.പി. ദിനേശ്, ഡെപ്യൂട്ടി കമീഷണർ കറുപ്പസ്വാമി, തൃക്കാക്കര അസിസ്റ്റൻറ് കമീഷണർ പി.പി. ഷംസ്, സ്പെഷൽ ബ്രാഞ്ച് എ.സി.പി ജി.ഡി. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. പോസ്റ്റ് േമാർട്ടം നടപടിയും പൂർത്തിയാക്കി. തലേയാട്ടിയും അസ്ഥികളും ഫോറൻസിക് പിശോധനക്കായി ശേഖരിച്ച് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പനങ്ങാട് പൊലീസ് കേസെടുത്തു. സൗത്ത് സി.െഎ. സിബി ടോമിനാണ് അന്വേഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.