അമ്പലത്തറ (കാസർകോട്): ‘‘സർക്കാറാണ് ഇത്രയും ക്രൂരമായി ഇത്രയേറെ മനുഷ്യരെ ഇങ്ങനെ കൊല്ലാതെ കൊല്ലുന്നതെന്ന് മനസ്സിലായത് ഇപ്പോഴാണ്. ഇതേപ്പറ്റി അറിയുേമ്പാഴൊക്കെ മനസ്സ് വേദനിക്കുന്നുണ്ടായിരുന്നു...’’ മക്കളുടെ വേദനയിൽ ഹൃദയം മുറിഞ്ഞ അമ്മയെപ്പോലെ ദയാബായി ഏങ്ങലടിച്ചു. അവരുടെ കണ്ണുകൾ തുളുമ്പി. വാക്കുകൾ ഇടറി. കൈത്തണ്ടകൊണ്ട് കണ്ണുതുടച്ച് ഉള്ളിലെ രോഷം മറച്ചുവെക്കാതെ സർക്കാറിെൻറ മനുഷ്യപ്പറ്റില്ലാത്ത ക്രൂരതക്കെതിരെ അവർ ആഞ്ഞടിച്ചു.
നാളെ തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൻഡോസൾഫാൻ ദുരന്തബാധിതരുടെ അമ്മമാർക്കൊപ്പം ചേരാനെത്തിയതായിരുന്നു സാമൂഹിക പ്രവർത്തകയായ ദയാബായി. ദുരന്തത്തിന് ഇരകളായി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുവേണ്ടി അമ്പലത്തറയിൽ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ നടത്തുന്ന സ്നേഹവീട്ടിൽ ഒത്തുകൂടിയവർക്കു മുന്നിൽ അവർ തെൻറ നിലപാടുകൾ പങ്കുവെച്ചു. സമരത്തിനും ദുരന്തബാധിതർക്കുവേണ്ടി തുടർന്നു നടത്തുന്ന പ്രവർത്തനങ്ങൾക്കും തെൻറ പിന്തുണ അറിയിച്ചു. ‘‘എല്ലാരും പറയുന്നു ഇവിടെ വരാൻ കഴിഞ്ഞത് എെൻറ ഭാഗ്യമാണെന്ന്. എനിക്കങ്ങനെ പറയാൻ കഴിയുന്നില്ല. പലതവണ എന്നെ ഇവിടേക്ക് വിളിച്ചതാണ്. ഞാനത് മാറ്റിമാറ്റി വിടുകയായിരുന്നു. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയിട്ടും ഇതിലേക്ക് ഇടപെടാനുള്ള സാഹചര്യവും സമയവും ഇല്ലായിരുന്നു.
വെറുതെവന്ന് മുഖം കാണിച്ച് പോയിട്ട് വാർത്തയുണ്ടാക്കുന്നതിൽ എനിക്ക് വിശ്വാസമില്ല. ആഗസ്റ്റ് 14ന് തിരുവനന്തപുരത്ത് മാനസിക വെല്ലുവിളി നേരിടുന്നവരുടെ പരിപാടിക്ക് വന്നപ്പോഴാണ് എൻഡോസൾഫാൻ പ്രശ്നത്തിന് സർക്കാറുമായുള്ള ബന്ധം മനസ്സിലായത് ’’-ദയാബായി പറഞ്ഞു. സമരത്തിൽ പെങ്കടുക്കാൻ പോകുന്നവർക്കൊപ്പം ഇന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിക്കുമെന്നും അവർ പറഞ്ഞു.
ഉത്തരേന്ത്യയിലെ ആദിവാസി ഗ്രാമങ്ങളിൽ പുറന്തള്ളപ്പെട്ടവർക്ക് അമ്മയായ ദയാബായിയുടെ സന്ദർശനവും സാന്നിധ്യവും, മക്കളെയും കൂട്ടി വീണ്ടും സമരത്തിനിറങ്ങേണ്ടിവരുന്ന അമ്മമാർക്ക് ആശ്വാസവും കൂടുതൽ മനക്കരുത്തും പകരുന്നതായി. സമരം ഒരാഘോഷമാക്കാൻ തങ്ങൾ ആഗ്രഹിച്ചതല്ലെന്നും ഇനിയൊരിക്കലും തിരുവനന്തപുരത്തേക്ക് സമരത്തിന് പോകേണ്ടിവരില്ലെന്നും സർക്കാർ എല്ലാം ശരിയാക്കിത്തരുമെന്നും പ്രതീക്ഷിച്ചിരുന്നുവെന്നും ദുരന്തബാധിതരായ കുട്ടികളിലൊരാളുടെ അമ്മ പള്ളിക്കരയിലെ കെ. ചന്ദ്രാവതി പറഞ്ഞു.
രാത്രികളിൽ ഉറങ്ങാത്ത അമ്മമാരാണ് എന്നെപ്പോലെയുള്ളവർ. കുട്ടികളെയും കൊണ്ട് എന്തിനാണ് സമരത്തിന് പോകുന്നതെന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ, തങ്ങളുടെ കുഞ്ഞുങ്ങളെ ഒരുനേരത്തേക്കുപോലും മറ്റൊരാളുടെ കൈയിൽ ഏൽപിച്ച് പോകാൻ പറ്റുന്നില്ല. 14 വയസ്സായിട്ടും രണ്ടു വയസ്സിെൻറ ബുദ്ധിവളർച്ച മാത്രമേ ഇൗ മക്കൾക്കുള്ളു. മക്കളുടെ കൂടെത്തന്നെ അമ്മയുണ്ടാകണമെന്ന അവസ്ഥയാണെന്നും ചന്ദ്രാവതി നിറഞ്ഞ കണ്ണുകളോടെയാണ് പറഞ്ഞത്.
ഡോ. എം.കെ. ജയരാജ്, ഡോ.അംബികാസുതൻ മാങ്ങാട്, ബിജു കാഞ്ഞങ്ങാട്, സി.വി. നളിനി, ടി. അഖില കുമാരി എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.