കൊച്ചി: ദലിത് യുവതിയെ ലൈംഗിക ചൂഷണം നടത്തിയ കേസിൽ പ്രതിയായ പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ എം. പ്രശോഭിന്റെ മുൻകൂർജാമ്യ ഹരജി ഹൈകോടതി തള്ളി. ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് നൽകിയ ഹരജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ തള്ളിയത്.
പട്ടിക വിഭാഗ പീഡന നിരോധന നിയമമടക്കം ബാധകമായതിനാൽ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്ന് വ്യക്തമാക്കി നേരത്തെ മണ്ണാർക്കാട് സ്പെഷൽ കോടതി മുൻകൂർജാമ്യ ഹരജി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
പ്രതിയുടെ സ്വാധീനവും കുറ്റകൃത്യത്തിന്റെ ഗൗരവവും പരിഗണിക്കുമ്പോൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തിയാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. പട്ടിക വിഭാഗ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതിനാൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകി.
പ്ലസ് ടു കഴിഞ്ഞ് ബ്യൂട്ടീഷ്യൻ കോഴ്സ് ചെയ്യുന്ന അനാഥയായ യുവതിയെ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. കോൺഗ്രസ് എം.പിമാരുമായും എം.എൽ.എമാരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം.
ബി.എൻ.എസ് വകുപ്പുകളും പട്ടിക വിഭാഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളുമാണ് പ്രതിക്കെതിരെ ചുമത്തിയത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായി കോടതി ചൂണ്ടിക്കാട്ടി. സംരക്ഷകനാകേണ്ട ജനപ്രതിനിധി വേട്ടക്കാരനായി മാറിയെന്ന മണ്ണാർക്കാട് സ്പെഷൽ കോടതിയുടെ നിരീക്ഷണം ഗൗരവമുള്ളതാണെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.