കണ്ണൂർ: മാല മോഷ്ടിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീ ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് പി.കെ. ശ്രീമതി. ഒരുസ്ത്രീയോടും ഇങ്ങനെ പെരുമാറരുതെന്നും എന്തിനാണ് പൊലീസുകാർ ഈ രീതിയിൽ സ്ത്രീകളോട് ക്രൂരത കാണിക്കുന്നതെന്നും അവർ ചോദിച്ചു. ബിന്ദുവിനെ ഉപദ്രവിച്ച പേരൂർക്കട പൊലീസ് സ്റ്റേഷൻ എസ്.ഐ പ്രസാദിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തതിനെ ശ്രീമതി സ്വാഗതം ചെയ്തു.
അതേസമയം, സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ പോയപ്പോൾ ദുരനുഭവം നേരിട്ടുവെന്ന ബിന്ദുവിന്റെ വെളിപ്പെടുത്തലിൽ ശ്രീമതി സംശയം പ്രകടിപ്പിച്ചു. പരാതി വായിച്ചുനോക്കുക പോലും ചെയ്യാതെ അവഹേളിച്ചുവെന്ന ആരോപണം ശരിയാവാൻ സാധ്യതയില്ലെന്ന് അവർ പറഞ്ഞു. ‘സി.എം ഓഫിസ് ദലിത് വിഭാഗത്തിൽപെട്ടവരോട് ഏതെങ്കിലും രീതിയിൽ അങ്ങനെ പെരുമാറുമെന്ന് എനിക്ക് തോന്നുന്നേയില്ല. പി. ശശിയെ എനിക്ക് നന്നായിട്ടറിയാം. പരാതി കിട്ടിയാൽ വായിക്കാതെ ബാസ്ക്കറ്റിൽ ഇടുന്നയാളല്ല ശശി. എന്തിനാണ് (ശശിയെ കുറിച്ച്) അങ്ങനെ ഒരു പരാതി പറയുന്നത് എന്ന് എനിക്ക് അറിയില്ല. ശശി അങ്ങനെ ചെയ്യുന്ന ഒരാളല്ല. ഏത് കടലാസ് കിട്ടിയാലും വായിച്ച് നോക്കി ‘നമുക്ക് നോക്കാം’ എന്ന് പറയുന്ന നേതാവാണ്. സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവർക്ക് നീതി ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവർക്ക് ഉയർന്നുവരാൻ എന്തെല്ലാം കൊടുക്കണോ അതെല്ലാം കൊടുക്കുമെന്ന് ഇന്നലെ പോലും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതിനിടയിൽ ഇത്തരം പുഴുക്കുത്തുകൾ ആരാണോ ഉണ്ടാക്കുന്നത് അത്തരം പൊലീസുകാർക്കെതിരെ നടപടി വേണം’ -പി.കെ. ശ്രീമതി പറഞ്ഞു.
കോടിയേരി ആഭ്യന്തരമന്ത്രിയാകുന്നതിന് മുമ്പ് പൊലീസ് സ്റ്റേഷനിൽ പരാതിക്കാർക്കും എതിർകക്ഷികൾക്കും കയറാൻ പറ്റാത്ത സ്ഥിതി ആയിരുന്നു. ജനമൈത്രി പൊലീസിങ് വന്ന ശേഷമാണ് മാറ്റം വന്നത്. ഒരുസ്ത്രീയോടും ഇങ്ങനെ പെരുമാറരുത്. എന്തിനാണ് പൊലീസുകാർ ഈ രീതിയിൽ സ്ത്രീകളോട് ക്രൂരത കാണിക്കുന്നത്? -ശ്രീമതി കൂട്ടിചേചർത്തു.
വീട്ടുജോലി ചെയ്ത് കുടുംബം പുലർത്തുന്ന ചുള്ളിമാനൂർ സ്വദേശിനിയായ ബിന്ദുവിനെയാണ് മാല മോഷ്ടിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ 20 മണിക്കൂറിലേറെ മാനസികമായി പീഡിപ്പിത്. ജോലി ചെയ്യുന്ന വീട്ടിലെ മാല കാണാതായതോടെ വീട്ടുകാർ ബിന്ദുവിനെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് പേരൂർക്കട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ബിന്ദുവിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ തടങ്കലിൽ പാർപ്പിച്ചു. പെണ്മക്കളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ചെയ്യാത്ത കുറ്റം സമ്മതിക്കേണ്ടി വന്നു. വസ്ത്രം ഉരിഞ്ഞ് പരിശോധിക്കുകയും കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിലെത്തി കുടിച്ചുകൊള്ളാൻ പറയുകയും ചെയ്തതായി ബിന്ദു പറഞ്ഞു.
ഒടുവിൽ മാല കിട്ടിയ വിവരം വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും ഇക്കാര്യം പൊലീസ് ബിന്ദുവിനോട് പറഞ്ഞില്ല. വീട്ടുകാർ പരാതിയില്ലെന്ന് പറഞ്ഞെന്നും അതുകൊണ്ട് വിട്ടയക്കുന്നുവെന്നുമാണ് പൊലീസ് ബിന്ദുവിനോട് പറഞ്ഞത്. ഇനിമുതൽ കവടിയാറിലും പരിസരത്തും കണ്ടുപോകരുതെന്ന് പറഞ്ഞാണ് തന്നെ പൊലീസ് ഇറക്കിവിട്ടതെന്നും ബിന്ദു പറഞ്ഞു.
ഇതേക്കുറിച്ച് പരാതിപ്പെടാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ പോയപ്പോൾ കടുത്ത ദുരനുഭവം നേരിട്ടതായും ഇവർ പറഞ്ഞു. പരാതി വായിച്ചുനോക്കുക പോലും ചെയ്യാതെ അവഹേളിച്ചതായി അവർ പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ ഓഫിസിൽ ഞാനും വക്കീലും കൂടിയാണ് പോയത്. പരാതി സാറിന്റെ കൈയിൽ കൊടുത്തു. സാർ അത് വായിക്കാതെ എടുത്തങ്ങോട്ട് ഇട്ടു. എന്നിട്ട് പറഞ്ഞു ‘മാല മോഷണം പോയാൽ വീട്ടുകാർ പരാതി കൊടുക്കും, അപ്പോൾ പൊലീസ് പിടിക്കും. ഇതൊക്കെ കോടതിയിലാണ് പറയേണ്ടത്’ എന്ന്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പി. ശശി എന്നയാളാണ് ഇതെന്ന് വക്കീൽ പറഞ്ഞു. പരാതി വായിച്ചൊന്നും നോക്കിയില്ല. കോടതിയൽ പോയി പറയാൻ പറഞ്ഞു’ -ബിന്ദു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.