കേന്ദ്ര സർവകലാശാലയിൽനിന്നും ‘ദലിത്’ പുറത്തുതന്നെ

കാസർകോട്: കേന്ദ്ര സർവകലാശാലയിൽനിന്ന് ദലിത് പഠനങ്ങൾ പുറത്തുതന്നെ. ബോർഡ് ഒാഫ് സ്റ്റഡീസ് അംഗീകരിച്ച വിഷയങ്ങൾ ഫാക്കൽറ്റി തലവൻ മുകളിൽനിന്നുള്ള നിർേദ്ദശ പ്രകാരം വിലക്കുകയായിരുന്നു. ഫാക്കൽറ്റി സമവായത്തിലൂടെ തീരുമാനമെടുക്കേണ്ട കാര്യം വകുപ്പ് തലവൻ ഏകപക്ഷീയമായി നോട്ടീസ് ഇറക്കുന്ന പതിവ് കേന്ദ്ര സർവകലാശാലയിൽ ആദ്യമാണ് എന്നാണ് പറയുന്നത്. ഇൗ ആഴ്ചയായിരുന്നു ദലിത് പഠനങ്ങൾ തുടങ്ങേണ്ടിയിരുന്നത്. ദലിത് പഠനങ്ങൾ സർവകലാശാലയിൽ പ്രക്ഷോഭങ്ങൾക്ക് കാരണമാകുന്നതിനാൽ പ്രോത്സാഹിപ്പിക്കരുതെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത് എന്ന ആരോപണം ശക്തമാണ്.

ഇതിനെതിരെ ദലിത് പഠനം നിർദേശിച്ച ഇംഗ്ലീഷ് താരതമ്യ പഠനം വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. പ്രസാദ് പന്ന്യൻ വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരാതി തള്ളിക്കളഞ്ഞ് പ്രസാദിനെതിരെ നടപടിയെടുക്കാനാണ് നീക്കം നടക്കുന്നത്. ഡിസംബര്‍ 16 വരെ കുട്ടികള്‍ക്ക് ദലിത് പഠനത്തിന് ചേരാന്‍ അവസരമുണ്ടായിരുന്നു. ഡിസംബര്‍ പത്തിന് ചേര്‍ന്ന ഫാക്കല്‍റ്റി മീറ്റിങ്ങില്‍ ഇംഗ്ലീഷ് താരതമ്യ വിഭാഗം താല്‍ക്കാലിക വകുപ്പ് മേധാവി ഡോ. വെള്ളിക്കീല്‍ രാഘവന്‍ ദലിത് സ്റ്റഡീസ് ഉള്‍പ്പെടുത്താതെ നോട്ടീസ് ഇറക്കിയത് വിവാദമായിരുന്നു. ഇതിനെതിരെയാണ് പ്രസാദ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്.

‘ആര്‍.എസ്.എസ് അജണ്ടയാണ് ഇതിനു പിന്നില്‍. കേന്ദ്ര സര്‍വകലാശാലയില്‍ ഇത്തരം അജണ്ടകള്‍ നടപ്പാക്കാനുള്ള ശ്രമം ആര്‍.എസ്.എസും ചില അധ്യാപകരും കഴിഞ്ഞ കുറേക്കാലായി നടത്തുകയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദലിത് സ്റ്റഡീസ് ഒഴിവാക്കിയത്’ -ഒരു ഗവേഷക വിദ്യാർഥി പറയുന്നു.

ദലിത് പഠനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവം മാധ്യമങ്ങളിൽ വിവാദമായതോടെ, വാർത്തകൾ തെറ്റാണെന്ന് സർവകലാശാല ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മറ്റു കോഴ്‌സുകളിലെ ടെക്സ്റ്റുകളുടെ എണ്ണം പറഞ്ഞാണ് സർവകലാശാല ആരോപണത്തെ നേരിട്ടത്. എന്നാൽ ഇംഗ്ളീഷ് ആൻഡ് താരതമ്യ സാഹിത്യവിഭാഗം താൽക്കാലിക തലവൻ സാങ്കേതിക കാരണങ്ങൾ സൂചിപ്പിച്ച് ദലിത് സ്റ്റഡീസ് ഒഴിവാക്കി നോട്ടിസ് ബോർഡിൽ കോഴ്‌സുകളുടെ പേരുകൾ പതിച്ചതിനെക്കുറിച്ച് സർവകലാശാല ഒന്നും സൂചിപ്പിക്കുന്നില്ല.

ഈ വർഷം ദലിത് പഠനങ്ങൾ വിപുലീകരിച്ചതിനുശേഷമാണ് ആനന്ദ് തെൽതുംദേ, അനികേത് ജാവരെ, അരുന്ധതി റോയ്, കാഞ്ച ഐലയ്യ തുടങ്ങിയവരുടെ പുതിയ കൃതികൾ ഉൾപ്പെടുത്തിയത്. സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള ടീച്ചേർസ് അസോസിയേഷൻ (കുക്ട) ദലിത് വിരുദ്ധ നിലപാടിനെ എതിർത്ത് വി.സിക്ക് കത്ത് നൽകിയിരുന്നു. വകുപ്പ് തലവന്‍റെ സാമൂഹ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഏകപക്ഷീയമായ തീരുമാനം തിരുത്തണമെന്നും ദലിത് പഠനങ്ങൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും കുക്ട ആവശ്യപ്പെട്ടു.

രോഹിത് വെമുല സംഭവത്തിനു ശേഷമാണ് സർവകലാശാലയിൽ ദലിത് പഠനങ്ങൾ തുടരുന്നതിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പതിയുന്നത്. ഇതിന്‍റെ ഭാഗമായി കേന്ദ്ര ഇന്‍റലിജൻസ് കേന്ദ്ര സർവകലാശാല കേരളയിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നുവരെ സൂചിപ്പിച്ച് അന്നത്തെ കലക്ടർക്ക് കത്ത് നൽകിയിരുന്നു. ഇത് ആർ.എസ്.എസ് ചാനലിൽ വന്ന വാർത്ത മാത്രമായിരുന്നുവെന്നാണ് പിന്നിട് കണ്ടെത്തിയത്.

Tags:    
News Summary - dalit studies issue in Kerala Central University-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.