തിരുവനന്തപുരം: വിവാദമായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തനിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ യുവനടി റിനി ആൻ ജോർജ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ അടക്കമുള്ളവർക്കെതിരെയാണ് കേസ്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിൽ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് കേസടുത്തത്.
വിഡിയോകളിലൂടെ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് റിനി പരാതിയിൽ പറഞ്ഞിരുന്നു. തന്റെ പേരെടുത്ത് പറഞ്ഞാണ് ഇരുവരും വിഡിയോകൾ ചെയ്തതെന്ന് പരാതിയിൽ പറഞ്ഞ റിനി, ഇരുവരുടേയും യുട്യൂബ് ചാനലുകളുടെ പേരും വിഡിയോകളുടെ ലിങ്കും പരാതിക്കൊപ്പം നൽകിയിരുന്നു.
റിനി പരാതി നൽകിതോടെ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഈശ്വര്‍ ഹൈകോടതിയെ സമീപിച്ചത്. മാത്രമല്ല, റിനിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വറും പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും സൈബർ സെല്ലിനുമാണ് രാഹുൽ പരാതി അയച്ചിരിക്കുന്നത്. വ്യാജ പരാതി നൽകി ആണിനെ നിശ്ശബ്ദമാക്കാമെന്ന് കരുതുന്ന എല്ലാ റിനി ആൻ ജോർജുമാർക്കുമെതിരെയാണ് പോരാട്ടമെന്നും ഫെമിനിസ്റ്റ് മാഫിയയെ തകർക്കാൻ പോകുകയാണെന്നും രാഹുൽ തന്‍റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ പറഞ്ഞിരുന്നു.
പ്രമുഖ യുവ നേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമായിരുന്നു റിനി ആൻ ജോര്‍ജിന്‍റെ വെളിപ്പെടുത്തൽ. നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് പരിചയമുള്ളത്. തുടക്കം മുതൽ മോശം മെസേജുകൾ അയച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാൾ അത് തുടർന്നുവെന്നും റിനി വെളിപ്പെടുത്തിയിരുന്നു.
മൂന്നര വർഷം മുമ്പാണ് ആദ്യമായി മെസേജ് അയച്ചത്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചു. അതിനുശേഷമാണ് അയാൾ ജനപ്രതിനിധിയായത്. ഇയാളെ പറ്റി പാർട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയൂവെന്നായിരുന്നു മറുപടി. അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളിൽ എത്തിക്കരുതെന്ന് മാത്രം പറയുകയാണ്. ഇയാളെപ്പറ്റി പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെ എന്നുമായിരുന്നു റിനിയുടെ വെളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.