കൊച്ചി: മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ.പി. ചെക്കുട്ടിക്കെതിരായ അസഭ്യവർഷവും വിമർശനവും വന്നുവീഴുന്നത് 2018ലെ പ്രളയകാലത്തെ അതിജീവന പ്രതീകമായ ചേക്കുട്ടിപ്പാവയുടെ നെഞ്ചത്ത്. എൻ.പി. ചെക്കുട്ടി കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യ ചാനൽ ചർച്ചയിൽ ഇടതു പക്ഷത്തിനെതിരായി സ്വീകരിച്ച നിലപാടിനെത്തുടർന്നാണ് ഇടതു പ്രൊഫൈലുകൾ കൂട്ടത്തോടെ ചേക്കുട്ടിപ്പാവയുടെ ഫേസ്ബുക്ക് പേജിൽ കയറി ചീത്തവിളിക്കുന്നത്.
പ്രളയകാലത്ത് സർവവും വെള്ളത്തിൽ മുങ്ങിപ്പോയ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തെ നെയ്ത്തുകാരെ സഹായിക്കാൻ സ്കൂൾ കുട്ടികളടക്കം നൂറുകണക്കിനാളുകൾ കെട്ടിയൊരുക്കിയതാണ് േചക്കുട്ടിപ്പാവകൾ. ചേറിൽ നിന്നുണ്ടായത് എന്ന അർഥത്തിലാണ് ലക്ഷ്മി മേനോെൻറ നേതൃത്വത്തിൽ തുടങ്ങിയ സംരംഭത്തിന് ചേക്കുട്ടിപ്പാവ എന്നു പേരിട്ടത്. എന്നാൽ, ഇതൊന്നുമറിയാതെ, നിരവധി പേരാണ് എൻ.പി. ചെക്കുട്ടിയുടെ പേജ് എന്ന ധാരണയിൽ പാവയുടെ പേജിൽ കയറി വിമർശിക്കുന്നത്.
കേട്ടാലറക്കുന്ന അസഭ്യവർഷം വരെയുണ്ട് ഇക്കൂട്ടത്തിൽ. ഇത്തരം കമൻറുകൾക്കെല്ലാം വസ്തുതയെന്താണെന്ന് വിശദീകരിച്ച് പേജ് അഡ്മിനായ ലക്ഷ്മി മറുപടി നൽകുന്നുണ്ട്. ഇത് ചേക്കുട്ടിപ്പാവയുടെ പേജാണെന്ന ലക്ഷ്മിയുടെ മറുപടിക്കിടയിലും ഇംഗ്ലീഷിലുള്ള വിമർശനവുമായി ഒരാൾ എത്തിയിട്ടുണ്ടെന്നതാണ് ഏറെ രസകരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.