കസ്റ്റംസ് പിടിച്ചെടുത്ത കാർ

ഓപറേഷന്‍ നുംഖോര്‍: ദുല്‍ഖറിന്റെ ഒരു കാര്‍കൂടി പിടിച്ചെടുത്ത് കസ്റ്റംസ്

കൊച്ചി: ഓപറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള നിസാന്‍ പട്രോള്‍ വൈ 60 കാറാണ് പിടിച്ചെടുത്തത്. ചുവന്ന നിറത്തിലുള്ള കാര്‍ കൊച്ചിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നെന്നാണ് കസ്റ്റംസ് പറയുന്നത്. ഈ വാഹനത്തിന്റെ രജിസ്ട്രേഷൻ വ്യാജമാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ പേരിലാണ് വാഹനത്തിന്റെ ആദ്യ രജിസ്‌ട്രേഷന്‍. പിന്നീട് കര്‍ണാടകയിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റി. ഇതിന് ശേഷമാണ് ദുല്‍ഖറിന്റെ കൈവശം എത്തിയത്. കൂടുതല്‍ രേഖകള്‍ കൂടി പരിശോധിച്ച ശേഷമാകും മറ്റു നടപടികളെന്ന് കസ്റ്റംസ് വ്യക്തമാക്കി.

ഓപറേഷന്‍ നുംഖോറിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ദുൽഖറിന്റെ മൂന്ന് വാഹനങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരുന്നു. വാഹനം പിടിച്ചെടുത്തതിനെതിരെ ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രേഖകള്‍ പരിശോധിക്കാതെയാണ് നടപടിയെന്ന് കാണിച്ച് സമർപ്പിച്ച ഹരജിയില്‍ കോടതി കസ്റ്റംസിനോട് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും ഇത് വിട്ടുകിട്ടണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.

വാഹനങ്ങള്‍ വാങ്ങിയത് നിയമവിധേയമായിട്ടാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാതെ വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ നടപടി റദ്ദാക്കി പിടിച്ചെടുത്ത വാഹനം തിരികെ വിട്ടുനല്‍കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹരജിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് നടന്‍ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ദുൽഖറിന്റേതു കൂടാതെ നടൻ അമിത് ചക്കാലക്കലിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പൃഥ്വിരാജിന്റെ വീട്ടിലും പരിശോധന നടത്തിയി. മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിയുടെ വാഹനം കസ്റ്റംസ് പിടിച്ചെടുക്കുകയും ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, മറ്റുള്ളവരുടെ മൊഴിയും കസ്റ്റംസ് ഉടന്‍ രേഖപ്പെടുത്തും. റെയ്ഡിന് പിന്നാലെ നിരവധി വാഹനങ്ങള്‍ പലരും ഒളിപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇവ കണ്ടെത്താന്‍ പൊലീസിന്റെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്.

Tags:    
News Summary - Customs seize one of Actor Dulquer Salmaan's high-end cars on the charge of suspected tax evasion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.