തിരുവനന്തപുരം: വ്യാജ മോഷണ പരാതിയിൽ പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ ദുരിതമനുഭിച്ച ചുള്ളിമാനൂർ സ്വദേശി ബിന്ദുവിൽ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തു. പരാതി സംബന്ധിച്ച് അന്വേഷണം നടത്തുന്ന പത്തനംതിട്ട ഡിവൈ.എസ്.പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം ബിന്ദുവിന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.
നിയമ സഹായസമിതി അനുവദിച്ച വനിത അഭിഭാഷകയുടെ സാന്നിധ്യത്തിലായിരുന്നു ആറര മണിക്കൂർ നീണ്ട മൊഴിയെടുക്കൽ. തനിക്കെതിരെ വ്യാജ പരാതി നൽകിയ വീട്ടുടമ ഓമന ഡാനിയേലിനെതിരെ അന്വേഷണം വേണമെന്ന് ബിന്ദു പൊലീസിനോട് ആവശ്യപ്പെട്ടു.
ചുള്ളിമാനൂർ സ്വദേശി ബിന്ദു ജോലിക്കു നിന്ന വീട്ടിൽ നിന്ന് സ്വർണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയേലിന്റെ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. പരാതി നൽകിയതിന് നാലുദിവസം മുമ്പ് മാത്രം വീട്ടുജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് രാത്രിയിൽ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു.
അടുത്ത ദിവസം, നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വർണം വീടിന് പിന്നിലെ ചവറുകൂനയിൽ നിന്ന് കിട്ടിയെന്ന് പരാതിക്കാരി തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ, കേസ് അവസാനിപ്പിച്ച് പൊലീസ് ബിന്ദുവിനെ വിട്ടയച്ചു. സംഭവം വിവാദമായതോടെ, ജില്ലക്ക് പുറത്തുള്ള ഡിവൈ.എസ്.പി വനിത അഭിഭാഷകയുടെ സാന്നിധ്യത്തിൽ ബിന്ദുവിന്റെ മൊഴിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു.
എന്നാൽ, ജില്ല ലീഗൽ സർവിസ് അതോറിറ്റി വനിത അഭിഭാഷകയെ അനുവദിക്കാൻ വൈകിയതിനാൽ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടങ്ങാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.