കൊച്ചി: നല്ലകാലം വരുമെന്ന പ്രധാനമന്ത്രിയുടെ വാക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന എറണാകുളം വടുതലയിലെ ടോമിക്ക് ഇക്കഴിഞ്ഞ 50 ദിവസത്തിനിടെ ആകെ കിട്ടിയത് ഏഴുദിവസത്തെ ജോലി മാത്രം. നിര്‍മാണ പണിക്കാരനാണ് ഇദ്ദേഹം. വീടുകളുടെയും കെട്ടിടങ്ങളുടെയും ജോലി സ്വന്തമായി കണ്ടത്തെി ഏറ്റെടുത്ത് നടത്തിയാണ് ഉപജീവനം. സ്വയം ജോലിയെടുക്കുന്നതിനൊപ്പം സഹായികളായി മൂന്നുനാല് മലയാളികളും മൂന്ന് ‘ഭായി’മാരുമുണ്ട്. ഇടത്തരം വീടുകളുടെ നിര്‍മാണമാണ് ഇദ്ദേഹത്തിന് കിട്ടിയിരുന്നതും. തറകെട്ടല്‍ മുതല്‍ ചുമര്‍ പടുക്കലും വാര്‍ക്കപ്പണിയും തേപ്പുമെല്ലാം ഇവരെവെച്ച് ചെയ്യിക്കും. ജോലി കൂടുതലുള്ളപ്പോള്‍ പരിചയമുള്ള മറ്റ് മേസിരിമാരില്‍ നിന്നും പണിക്കാരെ താല്‍ക്കാലികമായി കണ്ടത്തെിയിരുന്നു.  നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിന് മുമ്പ് ഒരേ സമയം രണ്ട് വീടുകളുടെ ജോലിയാണ് ചെയ്തിരുന്നത്.

എന്നാല്‍, നോട്ട് അസാധുവാക്കലിന് ശേഷം ചിത്രമാകെ മാറി. ചെയ്തിരുന്ന വീടുകളുടെ നിര്‍മാണംവരെ നിര്‍ത്തിവെച്ചു. ഭവനവായ്പയെ ആശ്രയിച്ചായിരുന്നു ഈ വീടുകളുടെ നിര്‍മാണം. വായ്പ അനുവദിച്ച തുകയുടെ ഗഡു അക്കൗണ്ടില്‍ കിടപ്പുണ്ട്. പക്ഷേ, എടുക്കുന്നതിന് കടുത്ത നിയന്ത്രണം. സര്‍ക്കാര്‍ നിയന്ത്രണം മാത്രമല്ല, നോട്ട് പിന്‍വലിക്കുന്നതിന് ബാങ്കുകളും സ്വന്തം നിലക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഴ്ചയില്‍ കിട്ടുന്ന 24000 രൂപകൊണ്ട് സിമന്‍റും കട്ടയുംവാങ്ങലും അവ കൊണ്ടുവരുന്നതിനുള്ള വണ്ടിക്കൂലിയും കയറ്റിറക്ക് കൂലിയും നല്‍കലും പിന്നെ കെട്ടിടം പണിക്കാര്‍ക്ക് കൂലി നല്‍കലുമൊന്നും നടക്കില്ല. അതോടെ വീട്ടുകാര്‍ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തി. കഴിഞ്ഞ 50 ദിവസത്തിനിടെ തനിക്ക് ഏഴുദിവസം മാത്രമാണ് പണി കിട്ടിയത്.

അതില്‍ മൂന്നുദിവസത്തെ നാല് പണിക്കാരുടെ കൂലിയായി 9600 രൂപ  വീട്ടുകാര്‍ ചെക്കായാണ് നല്‍കിയത്. ചെക്ക് മാറാന്‍ ബാങ്കില്‍ പോയി ക്യൂ നിന്നപ്പോള്‍ കിട്ടിയതാകട്ടെ നാല് രണ്ടായിരത്തിന്‍െറ നോട്ടുകളും 20ന്‍െറ 50 നോട്ടുകളുടെ കെട്ടും പിന്നെ ആറ് 100 രൂപാ നോട്ടുകളും. 2000ന്‍െറ നോട്ടുകള്‍ മാറി കൂടെയുള്ള പണിക്കാരുടെ മൂന്നുദിവസത്തെ കണക്ക് തീര്‍ക്കാന്‍ പെടാപ്പാട് പെടേണ്ടിവന്നു. അതുമല്ല, ഇപ്പോഴത്തെ പ്രശ്നം. സ്ഥിരമായി പണി കിട്ടിയില്ളെങ്കില്‍ കൂടെയുള്ള പണിക്കാര്‍ മറ്റ് മേഖല തേടിപ്പോകും. അതോടെ, കാര്യങ്ങള്‍ സാധാരണ നിലയിലായാലും പണിക്കാരെ കിട്ടാനില്ലാത്ത അവസ്ഥവരും. ബാങ്കില്‍ നിന്ന് എപ്പോള്‍ മുതല്‍ പണം പഴയതുപോലെ കിട്ടിത്തുടങ്ങുമെന്നും അറിയില്ല. 50 ദിവസം പൂര്‍ത്തിയായിട്ടും കാര്യങ്ങള്‍ പഴയ നിലയിലാകുന്നതിന്‍െറ സൂചനയൊന്നും കാണുന്നുമില്ല. ഇനിയും എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന ആശങ്കയിലാണ് ഇദ്ദേഹം.

ഇത്തവണ ക്രിസ്മസ് ആഘോഷത്തിന്‍െറ പകിട്ട് കുറഞ്ഞുവെന്നത് മാത്രമല്ല, വരുംദിനങ്ങള്‍ എങ്ങനെ കഴിയുമെന്നും പിടിയില്ളെന്നും ഇദ്ദേഹം പറയുന്നു. ഇത് ഒരാളുടെ കാര്യം മാത്രമല്ല, നിര്‍മാണ മേഖലയിലെ തൊഴിലാളികളാകെ അനിശ്ചിതത്വത്തിന്‍െറ പിടിയിലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന മറുനാടന്‍ തൊഴിലാളികളില്‍ പലരും ഇതിനകം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. നിര്‍മാണ തൊഴിലാളികളില്‍ പലരും ഗതിയില്ലാതെ മറ്റ് ജോലികളിലേക്കും മടങ്ങിക്കഴിഞ്ഞു.

Tags:    
News Summary - currency demonetization affected labourers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.