പീച്ചി ഡാമിലെ സ്വിമ്മിങ് പൂൾ കാട് കയറിയ നിലയിൽ
തൃശൂർ: കേരളത്തിലെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പീച്ചി ടൂറിസത്തെ അധികൃതർ നശിപ്പിക്കുന്നു. 2020 ഒക്ടോബർ 22നാണ് 4.90 കോടി ചെലവിട്ട് ഡാമിൽ നവീകരണം നടത്തി സന്ദർശകർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നുകൊടുത്തത്. പിന്നാലെ കോവിഡ് കാലമായതോടെ നിയന്ത്രണമായി. ടൂറിസം വികസനത്തിന് കൂടുതൽ പദ്ധതികളും കോടികൾ മുടക്കുമ്പോഴുമാണ് പീച്ചി ഡാമിൽ ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച സ്വിമ്മിങ് പൂളും ബോട്ട് ടൂറിസവുമടക്കം വിനോദ സഞ്ചാരികൾക്ക് തുറന്നുകൊടുക്കാതെയും വരുമാന നഷ്ടമുണ്ടാക്കിയും നശിപ്പിക്കുന്നത്.
സ്വിമ്മിങ് പൂളിൽ ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ മൂന്ന് വർഷം മുമ്പ് വിരമിച്ചതോടെയാണ് കാലക്കേട് തുടങ്ങിയത്. പൂളിന്റെ പരിപാലനത്തിന് പുതിയ ആളെ നിയോഗിച്ചില്ല. താൽക്കാലികമായി പോലും പരിപാലനത്തിന് നടപടിയെടുത്തില്ല. ഇതോടെ സ്വിമ്മിങ് പൂളും പരിസരവും കാട് കയറി നശിക്കുകയാണ്. ദേശീയ മത്സരങ്ങൾക്കടക്കം വേദിയായിട്ടുള്ളതാണ് പീച്ചി ഡാമിലെ സ്വിമ്മിങ് പൂൾ. നിരവധി പേർക്ക് പരിശീലന കേന്ദ്രവുമായിരുന്നു. റെയിൽവേ, കേരള പൊലീസ്, എക്സൈസ്, ലൈഫ് ഗാർഡ്, നീന്തൽ മാസ്റ്റർ, മിലിട്ടറി, സെൽയിൽ ടെക്സ്, നാഷനൽ നീന്തൽ കോച്ച് വിഭാഗങ്ങളിൽ നിരവധി പേർ പീച്ചി സ്വിമ്മിങ് പൂൾ ഉപയോഗിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾ ഏറെയെത്തുന്ന പീച്ചി ഡാമിലെ പ്രധാനപ്പെട്ട ഇനങ്ങളിലൊന്നാണ് സ്വിമ്മിങ് പൂൾ. ഒരാൾക്ക് 20 രൂപയാണ് ടിക്കറ്റ് നിരക്ക്. തൃശൂർ പൂരം, ഓണം അടക്കമുള്ള ആഘോഷ ദിവസങ്ങളിൽ അഞ്ച് ലക്ഷം വരെ വരുമാനം ലഭിച്ച സ്വിമ്മിങ് പൂൾ മൂന്നുവർഷമായി അടച്ചിട്ടതിനാൽ രണ്ട് കോടിയോളം രൂപയാണ് പൊതുഖജനാവിന് നഷ്ടമായത്.
ഇപ്പോൾ കായിക മത്സരങ്ങൾക്ക് ഫീസ് അടച്ച് പൂൾ തുറന്നുകൊടുക്കുന്നുണ്ട്. നവീകരണവും കൃത്യമായ പരിപാലനവും നടത്താത്തതിനാൽ സ്വിമ്മിങ് പൂളും പരിസരവും കാട് കയറിയ നിലയിലാണ്. ഇവിടെയെത്തുന്ന പലരും ഇക്കാര്യം അധികൃതരോട് പരാതിയായി പറയുന്നുവെങ്കിലും ചിരിയോടെ ആവശ്യം അവഗണിക്കുന്നു. കലക്ടർക്ക് നേരിട്ട് നിയന്ത്രണമുള്ള ടൂറിസം പ്രമോഷൻ കൗൺസിലിനാണ് ടൂറിസം പദ്ധതികളുടെ ചുമതല. ബോട്ട് സർവിസ് മികച്ചതും വരുമാനമുണ്ടാക്കുന്നതുമായിരുന്നു. തട്ടേക്കാട് ബോട്ട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ടൂറിസം ബോട്ട് സർവിസുകൾക്ക് വിലക്ക് വന്നതോടെ ഇവിടെയും നിർത്തിവെച്ചു.
2015ൽ പുനരാരംഭിച്ചെങ്കിലും ബോട്ട് സർവിസിനുള്ള കാലാവധി തീർന്നതോടെ പ്രവർത്തനം നിലച്ചു. നിരവധിയാളുകളായിരുന്നു ബോട്ട് സർവിസിന് എത്തിയിരുന്നത്. അരമണിക്കൂറിന് 150 രൂപയാണ് ഒരു വിനോദ സഞ്ചാരിക്ക് ഫീസ്. കോടിക്കണക്കിന് രൂപയാണ് ഈ ഇനത്തിലും നഷ്ടമാകുന്നത്. പൂന്തോട്ടത്തിൽ സ്ഥാപിച്ച 46 സോളാർ പാനലുകളും പ്രവർത്തനക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. 2020ലെ നവീകരണത്തിലാണ് സോളാർ ലൈറ്റുകളടക്കം സ്ഥാപിച്ചത്.
ക്വാർട്ടേഴ്സുകളുടെയും ഉപയോഗം തോന്നിയ പോലെയായതിനാൽ പലതും നാശത്തിലാണ്. പ്രതിമാസം 800 മുതൽ 1500 വരെ മാത്രം നിരക്കുള്ള ക്വാർട്ടേഴ്സുകളിൽ ക്യാമ്പ് ചെയ്ത് താമസിച്ചിരുന്ന ഉന്നതോദ്യോഗസ്ഥർ ഈ തുക പോലും നൽകാതെ കടന്നതായും നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. കലക്ടർ അടിയന്തരമായി പീച്ചി ഡാം സന്ദർശിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നും സ്വിമ്മിങ് പൂൾ, ബോട്ട് സർവിസ് എന്നിവ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ട് നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് കലക്ടർക്ക് പരാതി നൽകി. മന്ത്രി കെ. രാജന്റെ മണ്ഡലത്തിലാണ് പീച്ചി ഡാം ഉൾപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർഥ്യമാകുമ്പോൾ ടൂറിസം രംഗത്ത് പീച്ചിയുടെ പ്രാധാന്യവും ഏറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.