സി.പി.ഐ സമ്മേളനങ്ങളിൽ പാർട്ടി സെക്രട്ടറിക്കും സർക്കാറിനും വിമർശനം

ആലപ്പുഴ: സി.പി.ഐ മണ്ഡലം സമ്മേളനങ്ങൾ പുരോഗമിക്കെ പലയിടത്തും പാർട്ടി നേതൃത്വത്തിനെതിരെയും സംസ്ഥാന സർക്കാറിനെതിരെയും വിമർശം.കഴിഞ്ഞ ദിവസം നടന്ന ചേർത്തല മണ്ഡലം സമ്മേളനത്തിൽ സംസ്ഥാന-പ്രാദേശിക വിഷയങ്ങളിൽ ചൂടേറിയ ചർച്ചയാണ് നടന്നത്. രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ചകളിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമർശനമാണ് പ്രവർത്തകർ ഉയർത്തിയത്.

സി.പി.എം നേതാക്കളുടെ ആശ്രിതനെപ്പോലെയാണ് പാർട്ടി സെക്രട്ടറി പ്രവർത്തിക്കുന്നതെന്ന വിമർശനവും പ്രതിനിധികളിൽ പലരും ഉയർത്തി.ആനി രാജക്കെതിരെ എം.എം. മണി ഉയർത്തിയ വിമർശനത്തിൽ പാർട്ടി നേതാക്കളും മഹിള സംഘടനകളും കാഴ്ചക്കാരായി മാറി. രണ്ടാം പിണറായി സർക്കാറിന്റെ പ്രവർത്തനം സമ്പൂർണ പരാജയമാണെന്നും പല മന്ത്രിമാരും ഉള്ളതായിപ്പോലും അറിയില്ലെന്നും വിമർശനമുണ്ടായി.

സംസ്ഥാനതലത്തിലും പ്രാദേശികമായും പാ‍ർട്ടിക്ക് സി.പി.എം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളായിരുന്നു മാവേലിക്കര മണ്ഡലം സമ്മേളനത്തിൽ പ്രധാന ചർച്ച. എൽ.ഡി.എഫ് സർക്കാറിന്റെ തുടർച്ചക്ക് വഴിയൊരുക്കിയത് സി.പി.ഐ മന്ത്രിമാർ ഭരിച്ച കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകളുടെ മികച്ച പ്രവർത്തനമായിട്ടും അതനുസരിച്ച പരിഗണന രണ്ടാം സർക്കാറിൽ ലഭിക്കുന്നില്ലെന്നാണ് വിലയിരുത്തിയത്.

മുഖ്യമന്ത്രി ഹെഡ്മാസ്റ്ററും മന്ത്രിമാർ കുട്ടികളുമെന്ന രീതിയിലാണ് കാര്യങ്ങളെന്ന വിമർശനവും ലോക്കൽ സമ്മേളനങ്ങളിലുണ്ടായി. ആരോഗ്യ മന്ത്രിയുടെ പ്രവർത്തനത്തിൽ പോരായ്മയുണ്ടെന്നാണ് ചില സമ്മേളനങ്ങൾ വിലയിരുത്തിയത്.വിഭാഗീയതയും മണ്ഡലം സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെയുണ്ടാകുന്ന മത്സരവും അതിനിടെ പാർട്ടിയെ അലട്ടുന്നുണ്ട്.

ഈ പ്രവണത ജില്ല സമ്മേളനത്തിലും പ്രകടമാകുന്ന സ്ഥിതിയാണുള്ളത്. അരൂർ മണ്ഡലം സമ്മേളനത്തിൽ രണ്ടുപേർ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് വിജയിച്ചു. മണ്ഡലം കമ്മിറ്റിക്കു കീഴിലെ 14 ലോക്കൽ കമ്മിറ്റികളിൽ കാഞ്ഞിരംചിറയിൽ മത്സരമുണ്ടായി.

ഔദ്യോഗിക പാനലിനെതിരെ ഒരാൾ ജയിക്കുകയും ചെയ്തു. ജില്ലയിൽ സി.പി.ഐ മത്സരിച്ച സീറ്റുകളിലൊന്നായ ചേർത്തലയിൽ ഒരു വിഭാഗം പ്രവർത്തകർ സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചെന്ന ആരോപണവും ജില്ല സമ്മേളനത്തിൽ ചർച്ചയായേക്കും. ആലപ്പുഴ, ചെങ്ങന്നൂർ മണ്ഡലം സമ്മേളനങ്ങളാണ് ഇനി നടക്കാനുള്ളത്. 30നും 31നും മുളക്കുഴയിലാണ് ചെങ്ങന്നൂർ മണ്ഡലം സമ്മേളനം.ആലപ്പുഴ മണ്ഡലം സമ്മേളനം 29ന് കണിച്ചുകുളങ്ങരയിൽ തുടങ്ങും. ആഗസ്റ്റ് 22 മുതൽ 26 വരെ ഹരിപ്പാടാണ് ജില്ല സമ്മേളനം.

Tags:    
News Summary - Criticism of party secretary and government in CPI meetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.