നികുതി കൂട്ടാതെ വരുമാനം കൂട്ടാമെന്ന് തെളിയിച്ചു -മുഖ്യമന്ത്രി
തിരുവനന്തപുരം: നികുതി നിരക്കുകൾ കൂട്ടാതെ സർക്കാറിന്റെ വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് കഴിഞ്ഞ അഞ്ച് മാസത്തെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. ഉപധനാഭ്യർഥന ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മുൻ വർഷത്തെ അപേക്ഷിച്ച് സമാന കാലയളവിൽ മൂലധന ചെലവിലും തനത് വരുമാനത്തിലും വലിയ വളർച്ചയുണ്ടായി. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ 6,486 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് പതിനാറര ശതമാനത്തിലധികം വളർച്ചയാണ് കാണിക്കുന്നത്. നോൺ-ടാക്സ് വരുമാനത്തിൽ 21.12 ശതമാനത്തിന്റെ വർധനയാണുണ്ടായി. ജി.എസ്.ടി ചരിത്രത്തിലെ ഉയർന്ന വരുമാനവും കൈവരിക്കാൻ സാധിച്ചു. ഒക്ടോബർ 27 വരെ 28 ശതമാനം വർധനയാണുണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂലധന നിക്ഷേപത്തിൽ 57 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഓണക്കാലത്ത് വിപണിയിലേക്ക് ആവശ്യമായ പണം എത്തിക്കാൻ സാധിച്ചത് സമ്പദ്വ്യവസ്ഥയ്ക്ക് ഉണർവേകിയെന്നും ഈ നേട്ടങ്ങളിൽ മാത്രം തൃപ്തരല്ലെന്നും വലിയ ലക്ഷ്യങ്ങളാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ വരുമാനം വർധിച്ചുവെന്ന് കരുതി നിർത്തില്ല, ഖജനാവ് നിറക്കുകയാണ് ലക്ഷ്യം. നിക്ഷേപം വരും. ഇപ്പോൾ താൻ ദാരിദ്ര്യം പറയാറില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പൊലീസിന്റെ ഭാഗത്ത്നിന്ന് വീഴ്ചയുമുണ്ടായില്ല. ചേരാനല്ലൂരിൽ പൊലീസിന് വീഴ്ച സംഭവിച്ചു. അതിനാലാണ് വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ ബാഗുമെടുത്ത് വീട്ടിലേക്ക് പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.