ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മുന്‍മന്ത്രി വി. ശിവന്‍കുട്ടി: ആര്യയുടെ പ്രവൃത്തികള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു, ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മുന്‍മന്ത്രി വി. ശിവന്‍കുട്ടി. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സി.പി.എം ജില്ല കമ്മിറ്റിയിലാണ് ശിവന്‍കുട്ടി വിമര്‍ശനം ഉന്നയിച്ചത്. ആര്യയുടെ പ്രവൃത്തികള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചുവെന്നും പ്രചാരണത്തിനിടെ ആര്യയെ വാഹനത്തില്‍ കയറ്റിയപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചുവെന്നും ശിവന്‍കുട്ടി പറഞ്ഞു.

മേയര്‍ എന്ന നിലയില്‍ ആര്യയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. കടുത്ത രോഷമാണ് ആര്യക്കെതിരെ ഉണ്ടായിരുന്നതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. ആര്യക്ക് ചുമതല കൊടുത്തിരുന്ന വാര്‍ഡില്‍ ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചെങ്കിലും അഞ്ച് വോട്ടിന്റെ ലീഡാണ് ലഭിച്ചതെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയമുണ്ടായപ്പോള്‍ ആര്യയെ പിന്തുണച്ച് ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ആര്യയുടേത് മാതൃകാപരമായ പ്രവര്‍ത്തമായിരുന്നുവെന്നും തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നുമാണ് അന്ന് ശിവന്‍കുട്ടി പ്രതികരിച്ചത്.

അതേസമയം, തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ പോരായ്മകൾ തിരുത്തി പാർട്ടി ശക്തമായി തിരിച്ചുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’യിൽ എഴുതിയ ലേഖനത്തിലാണ് പാർട്ടി അണികൾക്ക് ആത്മവിശ്വാസം നൽകുന്ന നിലപാടുമായെത്തിയത്. ചരിത്രത്തിലെ മുൻകാല തിരിച്ചടികൾ ചൂണ്ടിക്കാട്ടിയായാണ് എം.വി. ഗോവിന്ദന്റെ പ്രതിരോധം. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വെറും 17 സീറ്റുകൾ മാത്രമാണ് ലഭിച്ചതെന്നും, 2001ൽ എൽ.ഡി.എഫ് 40 സീറ്റുകളിലേക്ക് ചുരുങ്ങിപ്പോയ സാഹചര്യമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

എന്നാൽ, അതിനെ അതിജീവിച്ച് 99 സീറ്റുകൾ നേടി പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയ ചരിത്രമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ പ്രതിസന്ധിയും പാർട്ടി മറികടക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റുകയും ജനക്ഷേമ-പൊതുവികസന പദ്ധതികൾ വലിയ രീതിയിൽ നടപ്പിലാക്കുകയും ചെയ്തിട്ടും എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചത് എന്നതിനെക്കുറിച്ച് പാർട്ടി പരിശോധന നടത്തുകയാണെന്നും അദ്ദേഹം പറയുന്നു.

എൽ.ഡി.എഫ് തുടർഭരണത്തിലൂടെ കേരളത്തിൽ വലിയ വികസനക്കുതിപ്പുണ്ടായെന്നും ആഗോളവത്കരണ നയങ്ങൾ കാരണം പിന്നാക്കം പോയ 30 ശതമാനം വരുന്ന ജനവിഭാഗത്തെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്നും അദ്ദേഹം അവകാശപ്പെടുന്നു.

Tags:    
News Summary - Former Minister V. Sivankutty sharply criticizes Arya Rajendran: Arya's actions backfired in the elections and created disrespect among the people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.