തിരുവനന്തപുരം: ക്രിമിനൽ പൊലീസുകാരെ പിരിച്ചുവിടുന്ന നടപടി തുടരുന്നതിന്‍റെ ഭാഗമായി രണ്ട് സി.ഐമാർക്കുകൂടി കാരണം കാണിക്കൽ നോട്ടീസ്; മൂന്ന് ഡിവൈ.എസ്.പിമാരുൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടികളും ആരംഭിച്ചു. കാസർകോട് ക്രൈംബ്രാഞ്ച് സി.ഐ ശിവശങ്കരൻ, തിരുവനന്തപുരം അയിരൂർ സി.ഐയായിരുന്ന ജയസനൽ എന്നിവർക്കാണ് പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
ക്രിമിനൽ പ്രവർത്തനങ്ങളിലുൾപ്പെടുകയും ഗുണ്ടാസംഘങ്ങളുമായി ബന്ധം പുലർത്തുകയും ചെയ്‌ത 59 പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക നേരത്തേ തയാറാക്കിയിരുന്നു. പട്ടികയിലുൾപ്പെട്ടവർക്കെതിരായ പരിശോധന ആരംഭിച്ചതിന്റെ ഭാഗമായാണ് ശിവശങ്കരനും ജയസനലിനും നോട്ടീസ് നൽകിയിരിക്കുന്നത്. മൂന്ന് ക്രിമിനൽ കേസുൾപ്പെടെ 21 പ്രാവശ്യം വകുപ്പതല നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സി.ഐ ശിവശങ്കരൻ. കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുമെന്ന സൂചന ലഭിച്ചപ്പോള്‍ ഇയാൾ ഓഫിസിൽ നിന്ന് മുങ്ങി. പാലക്കാട്ടെ വീട്ടിൽ എത്തിയാണ് നോട്ടീസ് നൽകിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ശിവശങ്കരനെതിരായ ഗുരുതരമായ വകുപ്പുതല നടപടികള്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുൻ എ.ഡി.ജി.പി വിജയ് സാക്കറെ നേരത്തേ കുറച്ചിരുന്നു. ഈ കുറ്റങ്ങള്‍ പുനഃപരിശോധിച്ചാണ് നോട്ടീസ് നൽകിയത്. മേയ് മാസത്തിൽ വിരമിക്കുന്നതിനാൽ പിരിച്ചുവിടൽ ഒഴിവാക്കണമെന്ന ശിവശങ്കരന്‍റെ അപേക്ഷ തള്ളിയാണ് നോട്ടീസ്. ശിവശങ്കരനെതിരെ 15 വകുപ്പുതല അന്വേഷണങ്ങളാണ് നടന്നത്. ഏഴു കേസുകളും നിലവിലുണ്ട്.
പോക്‌സോ കേസിലെ പ്രതിയെ പീഡിപ്പിച്ചെന്നാണ് ജയസനലിനെതിരായ പ്രധാന കേസ്. കൈക്കൂലിയടക്കമുള്ള കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. വിദേശത്തേക്കു കടന്ന പോക്സോ പ്രതിയെ വിളിച്ചുവരുത്തി ക്വാർട്ടേഴ്സിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പണം വാങ്ങിയെന്നുമാണ് ജയസനലിനെതിരായ പരാതി. സാമ്പത്തിക ആരോപണങ്ങളിൽ സസ്പെൻഡ് ചെയ്യുകയുമുണ്ടായി.
മൂന്ന് ഡിവൈ.എസ്.പിമാരടക്കം മറ്റ് എട്ടു പേർക്കെതിരെക്കൂടി നടപടിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മൂന്ന് ഡി.വൈ.എസ്.പിമാർ, രണ്ട് സി.ഐമാർ, മൂന്ന് എസ്.ഐമാർ എന്നിവർക്കെതിരെയാണ് നടപടികൾ ആരംഭിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കാസർകോട് ജില്ലകളിൽ ജോലി ചെയ്യുമ്പോൾ വിവിധ കേസുകളിലുൾപ്പെട്ടവരാണ് ഈ ഉദ്യോഗസ്ഥർ.
സംസ്ഥാനത്ത് പൊലീസുദ്യോഗസ്ഥരുടെ പ്രവർത്തനം ഇന്റലിജൻസും ജില്ല സ്പെഷൽ ബ്രാഞ്ചും പരിശോധിച്ചു വരികയാണ്. ഗുണ്ടാബന്ധത്തിന്റെ പേരിൽ ഇതിനകം 14 പൊലീസുദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌ത് അന്വേഷണം നടന്നുവരികയാണ്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെട്ട 21 ഉദ്യോഗസ്ഥരെ നീക്കം ചെയ്‌തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.