കാസര്‍കോട്: 24 ബൈക്കുകളും മൂന്ന് ഒാേട്ടാറിക്ഷകളും മോഷ്ടിച്ച കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിൻ യാത്രക്കാരനെ കൊള്ളയടിച്ച ശേഷം വണ്ടിയിൽനിന്ന് തള്ളിയിട്ട് കൊന്നതായും ഇവർ പൊലീസിന് മൊഴിനൽകി. തളങ്കരയിലെ മുസ്തഫ (22), ദേളിയിലെ സുബൈര്‍ (22) എന്നിവരെയാണ് കാസര്‍കോട് സി.ഐ സി.എ. അബ്ദുല്‍ റഹീമിെൻറ നേതൃത്വത്തില്‍ പിടികൂടിയത്. മോഷ്ടിച്ച ബൈക്കുമായി വരുന്നതിനിടെ ദേശീയപാതയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
കർണാടകയിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളിൽനിന്നായി 24 ബൈക്കുകള്‍, മൂന്ന് ഓട്ടോറിക്ഷകള്‍, 16 മൊബൈല്‍ ഫോണുകള്‍ എന്നിവ കവര്‍ന്നതായി പ്രതികള്‍ മൊഴി നല്കി.16 മാസം മുമ്പ് എറണാകുളത്തിനും കായംകുളത്തിനുമിടയില്‍ കരിയിലകുളങ്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രെയിൻ യാത്രക്കാരെൻറ 20000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം അയാളെ ഓടുന്ന ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതായാണ് ചോദ്യംചെയ്തപ്പോൾ പ്രതികൾ നൽകിയ വിവരമെന്ന് സി.െഎ പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് നേരത്തേ കേസെടുത്തിരുന്നത്.
പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് കാസർകോട് സി.െഎ കരിയിലകുളങ്കര പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പുനരന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.
2015ല്‍ കാസർകോട് തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലെ ജീവനക്കാരെൻറ നിര്‍ത്തിയിട്ട സ്കൂട്ടറില്‍നിന്ന് 1.35 ലക്ഷം രൂപ കവര്‍ന്നതും ചെമ്പിരിക്കയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍നിന്ന് വയറിങ് സാധനങ്ങൾ മോഷ്ടിച്ചതും ഇവരാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ചെമ്പിരിക്കയിലെ ഒരു വീടും ബണ്ടിച്ചാലിലെ രണ്ട് വീടുകളും കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതിലും പങ്കുള്ളതായി ഇവർ സമ്മതിച്ചിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.