വിജേഷിന്‍റെ പരാതിയിൽ സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തും. ക്രൈംബ്രാഞ്ച് കണ്ണൂര്‍ യൂനിറ്റിനാണ് അന്വേഷണച്ചുമതല. നേരത്തെയും ഒത്തുതീര്‍പ്പ് ആരോപണമുന്നയിച്ചപ്പോള്‍ സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസെടുപ്പിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെയാണ് വിജേഷ് പിള്ള ഡി.ജി.പിക്ക് പരാതി നല്‍കിയത്. ഈ പരാതിയാണ് പ്രാഥമികാന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയത്. വിജേഷിന്റെ ജില്ലയെന്ന നിലയില്‍ കണ്ണൂര്‍ യൂനിറ്റാണ് അന്വേഷിക്കുന്നത്.

സാധാരണയായി ഡി.ജി.പിക്ക് ലഭിക്കുന്ന പരാതി കുറ്റകൃത്യം നടന്ന ജില്ലയിലെയോ അല്ലങ്കില്‍ പരാതിക്കാരന്റെ മേല്‍വിലാസമുള്ള ജില്ലയിലെയോ പൊലീസ് മേധാവിക്കാണ് കൈമാറുന്നത്. ആ കീഴ്‌വഴക്കം മറികടന്നാണ് ഇപ്പോൾ പ്രാഥമികാന്വേഷണം ക്രൈംബ്രാഞ്ചിനെ എൽപിച്ചത്. എന്നാൽ, സംഭവം നടന്നത് ബംഗളൂരുവിലായതിനാൽ ഇവിടെ അന്വേഷണം നടക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നു. സ്വപ്നയുടെ പരാതിയിൽ വിജേഷിനെതിരെ കർണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിജേഷ് പിള്ള ഒളിവിലെന്ന് കർണാടക പൊലീസ്

ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പരാതിയിൽ കർണാടക പൊലീസ് നടപടികൾ തുടരുന്നു.

കേസിൽ ആരോപണവിധേയനായ കണ്ണൂർ സ്വദേശി വിജേഷ് പിള്ളക്കെതിരെ ബംഗളൂരു കൃഷ്ണരാജപുര പൊലീസ് കേസെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജേഷ് പിള്ളക്ക് വാട്സ് ആപ്പിൽ നോട്ടീസ് അയച്ചെങ്കിലും പ്രതികരിച്ചിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ആവശ്യമെങ്കിൽ കേരള പൊലീസിന്‍റെ സഹായം തേടുമെന്നും കൃഷ്ണരാജപുര പൊലീസ് അറിയിച്ചു.

അതേസമയം, ഒളിവിലല്ലെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും പൊലീസിന്‍റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിജേഷ് പിള്ള പ്രതികരിച്ചു. ബംഗളൂരു വൈറ്റ്ഫീൽഡിലെ ‘സുരി’ ഹോട്ടലിൽ നടത്തിയ കൂടിക്കാഴ്ചയിൽ വിജേഷ് പിള്ള വധഭീഷണിയടക്കം നടത്തിയെന്ന് കാണിച്ച് അഭിഭാഷകനായ കൃഷ്ണരാജ് മുഖേന കർണാടക ഡി.ജി.പിക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും സ്വപ്ന പരാതി നൽകുകയായിരുന്നു.

സ്വർണക്കടത്ത് കേസ്: ഹരജി 22ന് പരിഗണിക്കും

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കാൻ ഇ.ഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പാലാ സ്വദേശി അജി കൃഷ്‌ണൻ നൽകിയ ഹരജി ഹൈകോടതി മാർച്ച് 22ന് പരിഗണിക്കാൻ മാറ്റി. ഹരജി നിലനിൽക്കുന്നതല്ലെന്നാണ് സർക്കാറിന്റെ നിലപാട്. ഇക്കാര്യത്തിൽ വാദം നടത്താനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹരജി മാറ്റിയത്.

Tags:    
News Summary - Crime branch investigation against Swapna Suresh on Vijesh Pillai's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.