തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിൻ അഗർവാളിെൻറ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. പൊലീസ് ആസ്ഥാനത്തിന് മുന്നിൽവെച്ച് ഉദ്യോഗസ്ഥർ ജിഷ്ണുവിെൻറ മാതാവ് മഹിജയെയും സഹോദരൻ ശ്രീജിത്തിനെയും കൈയേറ്റംചെയ്തോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. പൊലീസ് ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ, മൂന്നാംമുറ പ്രയോഗിച്ചോ, അപമര്യാദയായി പെരുമാറിയോ, പ്രതിഷേധത്തെ നേരിടാൻ എന്തൊക്കെ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്, ഇത് ശക്തമായിരുന്നോ എന്നീ കാര്യങ്ങളും പരിശോധിക്കും. പ്രതിഷേധക്കാരറിയാതെ ആരെങ്കിലും സമരം മുതലെടുക്കാൻ ശ്രമിച്ചോയെന്നും പരിശോധിക്കാൻ നിർദേശമുണ്ട്.
കഴിഞ്ഞ ബുധനാഴ്ച പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നടന്ന സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയെൻറയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റയുടെയും ആദ്യപ്രതികരണം. ഇത് സാധൂകരിക്കുന്ന റിപ്പോർട്ടാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം സമർപ്പിച്ചത്. പൊലീസ് റിപ്പോർട്ടിനെതിരെ ആക്ഷേപം ശക്തമായപ്പോഴും മുഖ്യമന്ത്രി നിലപാടിലുറച്ചുനിന്നു. ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയർന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഹിജ നിരാഹാരസമരം പ്രഖ്യാപിക്കുകയും ഇത് കേരള സമൂഹം ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തതോടെ സർക്കാർ നിലപാടിൽനിന്ന് പിന്നോട്ടുപോവുകയായിരുന്നു. ഇതേതുടർന്നാണ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. തനിക്കും കുടുംബത്തിനുംനേരെ അതിക്രമം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി വേണമെന്നായിരുന്നു മഹിജയുടെ പ്രധാന ആവശ്യം. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ പൊലീസ് അതിക്രമത്തിെൻറ സത്യാവസ്ഥ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ജിഷ്ണുവിെൻറ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.