'സ്വന്തം കുട്ടി'കളുടെ വിവാഹത്തിന് പാർട്ടി സ്റ്റൈൽ ക്ഷണക്കത്തുമായി സി.പി.എം; വൈറൽ കത്ത് കാണാം
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എം.എൽ.എയും തമ്മിലുള്ള വിവാഹനത്തിന് പാര്‍ട്ടി സ്‌റ്റൈല്‍ ക്ഷണക്കത്തുമായി സിപിഎം. ലളിതമായി തയ്യാറാക്കിയ കത്തിൽ രക്ഷകർത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിന്റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്തം ആണ് നൽകിയിരിക്കുന്നത്. സച്ചിന്‍ ദേവ് സി.പി.എം. കോഴിക്കോട് ജില്ലാ കമ്മറ്റി അംഗമാണ്. ആര്യാ രാജേന്ദ്രന്‍ ചാല ഏരിയാ കമ്മറ്റി അംഗവും. വിവാഹത്തിന് എല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതാവട്ടെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കത്ത് പുറത്തിറക്കിയിരിക്കുന്നത്.
നേരത്തെ വിവാഹത്തിന് ശേഷം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ഒരുക്കുന്ന സൗഹൃദ വിരുന്നിന്റെ ക്ഷണക്കത്ത് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയിരുന്നു. ഈ കത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത് പേരിനൊപ്പം വിലാസമല്ല, പകരം പാര്‍ട്ടിയിലെ ഭാരവാഹിത്വം തന്നെയാണ്. സെപ്റ്റംബർ നാലിന് തിരുവനന്തപുരം എ.കെ.ജി ഹാളിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക. രാവിലെ 11നാണ് വിവാഹച്ചടങ്ങുകൾ. ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരിക്കും വിവാഹം നടക്കുക.
മാർച്ച് ആറിനാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എ.കെ.ജി സെന്ററിൽ വച്ചായിരുന്നു അന്നും ചടങ്ങുകൾ. ബാലസംഘം, എസ്എഫ്‌ഐ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച ഇരുവരും സുഹൃത്തുക്കളായിരുന്നു. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ് സച്ചിൻ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് തിരുവനന്തപുരം സ്വദേശിയായ ആര്യ രാജേന്ദ്രൻ.
21-ാം വയസിൽ തിരുവനന്തപുരം മേയർ പദവിയിലെത്തിയ ആര്യ ദേശീയ ശ്രദ്ധ നേടിയിരുന്നു. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റുകൂടിയാണ് ആര്യ. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ നിന്നാണ് സച്ചിൻ ദേവ് വിജയിച്ചത്. നിലവിൽ എസ്.എഫ്.ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ് സച്ചിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.