തിരുവനന്തപുരം: എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉൾപ്പെടെ സർക്കാരിനെതിരെ വിവിധ ആരോപണങ്ങൾ ഉയർന്നുനിൽക്കുന്നതിനിടെ സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾ വെള്ളിയാഴ്ച തുടങ്ങും. സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്ചയും സംസ്ഥാന കമ്മിറ്റി ശനി, ഞായർ ദിവസങ്ങളിലും ചേരും. എസ്.എഫ്.ഐക്കതിരെ ഉയരുന്ന ആരോപണങ്ങള്‍ സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത് എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
എസ്.എഫ്.ഐയിലെ അഴിച്ച് പണി അടക്കമുള്ള നടപടികളിലേക്ക് പാർട്ടി കടക്കുമെന്നാണ് സൂചന. നിരന്തരം വിവാദങ്ങൾ ഉണ്ടാക്കുന്ന എസ്.എഫ്.ഐയെ നിലയ്ക്കു നിർത്തണമെന്ന ആവശ്യവുമുണ്ടാകും. ജില്ല കമ്മിറ്റികളില്‍ സ്വീകരിച്ച അച്ചടക്ക നടപടികള്‍ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം വിവിധ രാഷ്ട്രീയ സാഹചര്യങ്ങളും യോഗങ്ങളില്‍ ചർച്ചയാവും.
എ.ഐ കാമറ വിവാദം, കെ.സുധാകരനും വി.ഡി. സതീശനും എതിരായ കേസുകള്‍ എന്നിവയും യോഗം ചർച്ച ചെയ്യും. ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരനും ‘ലീഡ്’ ഓൺലൈൻ മാസികയും മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ ഉയർന്നുനിൽക്കുന്നതിനിടെയാണ് പാർട്ടി നേതൃയോഗം നടക്കുന്നത്. എന്നാൽ, സെക്രട്ടേറിയറ്റിന്‍റെയോ സംസ്ഥാന കമ്മിറ്റിയുടെയോ പരിഗണനയിൽ ഈ വിവാദം ചർച്ചയാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അതേസമയം, മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള ജി.ശക്തിധരന്‍റെ ആരോപണത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം എന്നാണ് അറിയുന്നത്. കൂടാതെ, ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി സർക്കാരിന്റെ പ്രതിഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മന്ത്രിസഭയിൽ ചില അഴിച്ചുപണിക്കു സാധ്യതയുണ്ടെന്ന സൂചനയുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.