'ആർ.എസ്.എസുമായി ഞങ്ങൾ യോജിച്ച് പോയിട്ടുണ്ട്, അത് അനിവാര്യമായ ഘട്ടമായിരുന്നു, സത്യം പറയാൻ ഒരു ഭയവുമില്ല'- എം.വി ഗോവിന്ദൻ

മലപ്പുറം: അർധ ഫാഷിസത്തിന്റെ രീതിയിൽ അടിയന്തരാവസ്ഥ വന്നപ്പോൾ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വർഗീയവാദികളായ ആർ.എസ്.എസുമായും ചേർന്നിട്ടുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. അത് തുറന്ന് പറയാൻ തങ്ങൾക്കൊരു ഭയവുമില്ലെന്നും സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞാൽ വിവാദമാകില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് എം.വി.ഗോവിന്ദന്റെ പരാമർശം.

'അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ധഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു'- എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി മുമ്പ് എല്‍.ഡി.എഫിന് പിന്തുണച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ന്യൂനപക്ഷ വർഗീയതയെ ഉപയോഗപ്പെടുത്തി യു.ഡി.എഫും ഭൂരിപക്ഷ വര്‍ഗീയതയെ ഉപയോഗപ്പെടുത്തി ബി.ജെപി.യും നില്‍ക്കുകയാണെന്നും ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷ ഉള്ളടക്കമാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയെ ലോകത്ത് ആദ്യമായിട്ടാണ് ഒരു മുന്നണിയുടെ ഭാഗമാക്കിയത് യു.ഡി.എഫ് ആണെന്നും ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ അസോസിയേറ്റ് ഘടകക്ഷിയാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഞങ്ങള്‍ ഒരിക്കല്‍പോലും ഒരു വര്‍ഗീയ പ്രസ്ഥാനവുമായിട്ടും രാഷ്ട്രീയ മുന്നണി ഉണ്ടാക്കിയിട്ടില്ല. ഇനിയും നില്‍ക്കില്ല. പക്ഷേ യുഡിഎഫ്-ജമാഅത്തെ ഇസ്‌ലാമി പൂര്‍ണമായും രാഷ്ട്രീയ ഐക്യമുന്നണിയാണ്. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുന്ന സ്ഥിതി അടുത്ത ഘട്ടത്തിലുണ്ടാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Tags:    
News Summary - CPM State Secretary M.V. Govindan-Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.