തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയാരാകുമെന്ന ചർച്ച മാത്രമല്ല, പ്രതിപക്ഷ നേതാവ് ആരെന്ന ചർച്ചയും ഡൽഹിയിലേക്ക്. ഞായറാഴ്ച ആരംഭിക്കുന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ, കേന്ദ്രകമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്.
വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും കോടിയേരി ബാലകൃഷ്ണൻ ഉപനേതാവുമായതിന് സമാനമായി പിണറായി പ്രതിപക്ഷ നേതാവും കെ.എൻ. ബാലഗോപാൽ ഉപനേതാവുമാകാൻ സാധ്യതയുമുണ്ട്. പദവിയിൽ പിണറായിയും പ്രയോഗത്തിൽ ബാലഗോപാലുമെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അംഗസംഖ്യ 35 ആയി പരിമിതമായ പ്രതിപക്ഷ മുന്നണിയെ നയിക്കാൻ നിലവിലെ സാഹചര്യത്തിൽ പിണറായി തയാറാകില്ലെന്നും അങ്ങനെയെങ്കിൽ ബാലഗോപാൽ തന്നെ നേതൃസ്ഥാനത്തേക്കെത്തുമെന്നും കേൾക്കുന്നു. സി.പി.എമ്മിൽ ഇത്തരം ചർച്ച പുരോഗമിക്കുന്നതിനിടെ ഇതാദ്യമായി സി.പി.ഐ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് അവകാശവാദമുന്നയിച്ചിട്ടുണ്ട്. കെ. രാജന്റെ പേര് മുൻനിർത്തിയാണ് സി.പി.ഐ നീക്കം. ‘ഒരു വാക്കും ഒരു നേതാവും’ എന്ന എൽ.ഡി.എഫിനെ കുറിച്ച പൊതുപ്രതിഛായ മാറണമെന്ന നിലപാടിലാണ് സി.പി.ഐ.
ഇടതുമുന്നണിയുടെ സീറ്റുനിലകൂടി മുൻനിർത്തിയാണ് സി.പി.ഐയുടെ അവകാശവാദം. സ്വതന്ത്രരടക്കം 86 എം.എൽ.എമാർ മത്സരിച്ച സി.പി.എമ്മിന് 26 പേരെയാണ് ജയിപ്പിക്കാനായത്. എന്നാൽ 25 സീറ്റിൽ മത്സരിച്ച സി.പി.ഐക്ക് എട്ടു എം.എൽ.എമാരുണ്ട്. പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരേണ്ടതില്ലെന്ന നിലപാട് കൂടി സി.പി.ഐ മുന്നോട്ടുവെച്ചിട്ടുണ്ട്.
എല്ലാം സി.പി.എമ്മിന് വിട്ടുകൊടുത്ത് രണ്ടാം നിരക്കാരായി കഴിയേണ്ടെന്നാണ് സി.പി.ഐ നിലപാട്. മുന്നണി സർക്കാറാണ് 10 വർഷം ഭരിച്ചതെങ്കിലും ‘പിണറായി സർക്കാർ’ എന്ന സി.പി.എം വിശേഷണങ്ങളിൽ സി.പി.ഐ അസ്വസ്ഥവുമായിരുന്നു. ഈ സാഹചര്യത്തിലാണ് ബാലഗോപാൽ പ്രതിപക്ഷ നേതാവും രാജൻ ഉപനേതാവുമെന്നതിലേക്കുള്ള സി.പി.ഐ നീക്കങ്ങൾ.സി.പി.ഐ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചില്ലെന്നാണ് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.